Friday, November 14, 2008

ഭരണകൂടവും ഭീകരതയും

ലോകത്തിലെ മിക്കവാറും എല്ലാ ഭരണകൂടങ്ങളും തങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ഇന്ന് ഉയര്‍ത്തിക്കാണിക്കുന്നത്‌ ഭീകരതയെയാണ്‌. എന്താണീ ഭീകരത? ആരാണ്‌ ഇതിന്റെ പ്രയോക്താക്കള്‍? ഇതിന്റെ വേരുകള്‍ തേടിയുള്ള അന്വേഷണം എവിടെനിന്നാണ്‌ തുടങ്ങേണ്ടത്‌?

ഒരു സമൂഹത്തിന്റെ ജീവനും സ്വത്തിനും അവകാശങ്ങള്‍ക്കും മേല്‍ അക്രമങ്ങള്‍കൊണ്ട്‌ അധിനിവേശം നടത്തുന്ന അനിശ്ചിതാവസ്ഥയാണ്‌ ഭീകരത. ജനാധിപത്യസമൂഹങ്ങളിലാണ്‌ ഭീകരവാദപ്രസ്ഥാനങ്ങള്‍ക്ക്‌ പെട്ടെന്ന് വേരോട്ടുവാന്‍ കഴിയുന്നത്‌ എന്നത്‌ കൌതുകമുളവാക്കുന്ന ഒരു വസ്തുതയാണ്‌. ഒരു മതത്തിലോ പ്രത്യയശാസ്ത്രത്തിലോ കേന്ദ്രീകരിച്ചു നിലനില്‍ക്കുന്ന ഏകാധിപത്യ രാജ്യങ്ങളിലൊന്നും ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക്‌ അത്ര എളുപ്പത്തില്‍ ചെന്നെത്താനാവാറില്ല.(കെട്ടിലും മട്ടിലും ഏത് ഭീകരസംഘടനയേയും വെല്ലുന്ന ഭരണകൂടങ്ങള്‍ ഉള്ളപ്പോള്‍ പിന്നെ വേറൊരു ഭീകര സംഘടനയ്ക്ക് എവിടെ സാധ്യത..!) നിലനില്‍ക്കുന്ന ജനാധിപത്യഘടന അനുവദിക്കുന്ന പഴുതുകളിലൂടെ കടന്നുകയറുന്ന പല സാമൂഹ്യവിപത്തുകളില്‍ ഒന്നാണ്‌ ഭീകരത എന്ന നിഗമനത്തിലേക്കാണ്‌ ഇത്‌ നമ്മെ കൊണ്ടെത്തിക്കുന്നത്‌.

നീതി നിഷേധിക്കപ്പെട്ടുവെന്ന് തെറ്റായോ ശരിയായോ വിശ്വസിക്കുന്ന ഒരു വിഭാഗത്തില്‍ നിന്ന് ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങളെയാണ് ഭരണകൂടം അതിന്റെ വിവേചനാധികാരം ഉപയോഗിച്ച് ഭീകരവാദമെന്ന് നിര്‍വചിക്കുന്നത്. അതുകൊണ്ടു തന്നെയാവണം ഇത്തരം നിര്‍വചനങ്ങള്‍‍ക്ക് പലപ്പൊഴും സ്ഥിരത എന്ന ഗുണം ഇല്ലാതെ പോകുന്നതും. ഒരേകാരണങ്ങളാല്‍ ഉയര്‍ന്നു വരുന്ന രണ്ട് കലാപങ്ങളില്‍ ഒന്ന് തീവ്രവാദമായും മറ്റേത് ‘സ്വാഭാവിക പ്രതികരണ‘മായും ഗണിക്കപ്പെടുന്നതിനും കാരണം മറ്റൊന്നല്ല.

അഖണ്ഡമായ സ്വത്വബോധവും വിശാലമായ രാഷ്ട്രീയ ബോധവുമുള്ള ഏതൊരു ജനതയും തങ്ങളുടെ ഭരണകൂടവുമായി ധനാത്മകമായി കലഹിക്കയും അതിനുമേല്‍ തങ്ങളുടെ തിരുത്തല്‍ശക്തിയെ സ്ഥാപിച്ചെടുക്കാന്‍ നിരന്തരം ശ്രമിക്കുകയും ചെയ്യും. അതുകൊണ്ട്തന്നെ അധികാരകേന്ദ്രീകൃതമായ ഭരണകൂടത്തിന്റെ രാഷ്ട്രീയത്തിന്‌ അത്തരമൊരു സ്വത്വബോധത്തിന്റെയോ രാഷ്ട്രീയബോധത്തിന്റെയോ രൂപീകരണത്തെ പ്രോത്സാഹിപ്പിക്കാനാവില്ല. ഭരിക്കപ്പെടുന്നവരുടെ സഞ്ചിതബോധത്തെ ജാതി, മതം, ഭാഷ, വര്‍ഗം, ദേശം തുടങ്ങിയ കുടുസ്സുകളിലേക്ക് ചുരുക്കിയെടുക്കുക എന്നത് അവരുടെ ഒരു ആവശ്യമാവുന്നത് അങ്ങനെയാണ്.

തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു എന്ന തോന്നല്‍ ഒരു സമൂഹത്തിന്റെ മനസ്സാക്ഷിയിലേക്ക് കടന്നു കയറുന്ന പ്രക്രിയ സങ്കീര്‍ണമായ ഒന്നാണ്. നമ്മുടേതുപോലുള്ള ഒരു ബഹുസ്വര സമൂഹത്തിലാവുമ്പോള്‍ പ്രത്യേകിച്ചും. ഇവിടെ ഭരണകൂടത്തിന് നിവര്‍ത്തിക്കാനുള്ളത് നിഷ്പക്ഷമായ ചില ഇടപടലുകളാണ്. നമ്മുടെ ഭരണകൂടം ഇതില്‍ നിരന്തരം പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് കേവലമായ ഒരു ഭരണപരാജയം മാത്രമായി നിസ്സാരവത്കരിക്കാനാവില്ല. ഒരു വിഭാഗത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങളെ നിഷേധിക്കുകയും തത്ഫലമായുണ്ടാവുന്ന പ്രതിഷേധങ്ങളെ അവഗണിക്കുകയും ചെയ്യുന്നതിലൂടെ അവരെ സമൂഹമനസ്സാക്ഷിയില്‍ നിന്ന് ഒറ്റപ്പെടുത്തുക എന്നത് ജനാധിപത്യവ്യവസ്ഥിതിയിലൂടെ നിലവില്‍വരുന്ന ഒരു ഭരണകൂടത്തിനും ഭൂഷണമല്ല.നിലവിലുള്ള ഭരണവ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ട് അനാഥത്വം അനുഭവിച്ച് കഴിയുന്ന അത്തരം മനുഷ്യരില്‍നിന്ന് ഉയര്‍ന്നുവരുന്ന ചെറുത്ത് നില്‍പ്പുകള്‍ ദിശാബോധം നഷ്ടപ്പെട്ട് ക്രമേണ വിഘടനവാദമോ വിധ്വംസകപ്രവര്‍ത്തനങ്ങളോ ആയി അധപതിച്ചാല്‍ അതിനുത്തരവാദി ആരാണ്? ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന കലാപങ്ങള്‍ക്കും, വിഘടനവാദത്തിനും മേല്പറഞ്ഞപോലൊരു പശ്ചാത്തലം ഉണ്ടെന്നിരിക്കെ അവിടെ ഇന്ന് നിലനില്‍ക്കുന്ന അരാജകത്വത്തിന്റെ ഉത്തരവാദിത്വം ഉള്‍ഫ പോലുള്ള സംഘടനകള്‍ക്ക് മാത്രമാവുന്നതെങ്ങനെ?


ഭരണകൂടത്തിന്റെ മൌനാനുവാദത്തോടുകൂടി തകര്‍ക്കപ്പെട്ട ബാബരിമസ്ജിദ് എന്ന മുസ്ലിം ആരാധനാലയം മറ്റൊരു ഉദാഹരണമാണ്. ഇന്ത്യന്‍ ദേശീയതാസങ്കല്‍പ്പത്തിന് ഏറ്റ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായ ഈ സംഭവം ഇന്ത്യന്‍ ഭരണകൂടമോ ഭരണഘടനയോ തങ്ങള്‍ക്ക് നീതിനല്‍കാന്‍ പര്യാപ്തമല്ല എന്ന തോന്നല്‍ ഇവിടുത്തെ മുസ്ലിംജനതയില്‍ ഉണ്ടാക്കിയെങ്കില്‍ ആരാണ് അതിന് ഉത്തരവാദി? ഇന്ന് ഇന്ത്യയിലെ നാനാഭാഗത്തുനിന്നും മുസ്ലിംചെറുപ്പക്കാരെ ഭീകരപ്രവര്‍ത്തനമാരോപിച്ച് അറസ്റ്റ് ചെയ്യുന്ന സര്‍ക്കാര്‍ തന്നെയല്ലേ ആഗോളമുസ്ലിം തീവ്രവാദസംഘടനകളില്‍നിന്ന് ഇവരിലേക്കുള്ള പാലം പണിഞ്ഞത്? കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ വിവിധന്യൂനപക്ഷവിഭാഗങ്ങളെ ലക്ഷ്യം വെച്ചുകൊണ്ട് നടക്കുന്ന ആക്രമങ്ങളും നരഹത്യയുമൊന്നും ഇനിയും നമ്മുടെ ഭരണകൂടത്തിന്റെ ഭീകരവാദനിര്‍വചനത്തിന്റെ പരിധിയില്‍ വന്നിട്ടില്ല. വംശശുദ്ധീകരണം എന്ന കുടിലആശയം പരസ്യമായി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നരഹത്യ നടത്തുന്ന സംഘടനകളെ നിരോധിക്കുന്നതിലേക്കുള്ള അഭിപ്രായസ്വരൂപണത്തിന് നമ്മുടെ മുഖ്യധാരാരാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കൊന്നുംതന്നെ ഇനിയും സമയം ലഭിച്ചിട്ടില്ല. എന്നിട്ടും അവര്‍ ഒരേസ്വരത്തില്‍ പറയുന്നു രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി മുസ്ലിംതീവ്രവാദമാണെന്ന്.

ഒരു ജനത അതിന്റെ അതിജീവനവുമായി ബന്ധപ്പെടുത്തി നടത്തുന്ന ചെറുത്തുനില്‍പുകളൊക്കെത്തന്നെയും ഭരണകൂടങ്ങളെ സംബന്ധിച്ചേടത്തോളം രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങളാണ്‌. സ്വാതന്ത്യസമരങ്ങള്‍ അധിനിവേശശക്തികള്‍ക്കും തൊഴിലാളിസമരങ്ങള്‍ മൂലധനകേന്ദ്രീകൃത അധികാരവ്യവസ്ഥകള്‍ക്കും രാജ്യദ്രോഹപരമായി അനുഭവപ്പെടുന്നതും മറ്റൊന്നുകൊണ്ടല്ല. എന്നിരുന്നാലും ഇത്തരം ഹിംസാത്മകമോ അല്ലാത്തതോ ആയ സമരങ്ങളൊക്കെത്തന്നെയും അതാതുസമൂഹങ്ങളുടെ വികാസചരിത്രത്തിലെ ചാലകശക്തികളായി പ്രവര്‍ത്തിച്ചിരുന്നു. അതിനുകാരണം അധികാരവുമായി കലഹത്തിലേര്‍പ്പെട്ടിരുന്നത്‌ രാഷ്ട്രീയബോധവും ജനാധിപത്യവിശ്വാസവുമുള്ള ജനതകളായിരുന്നു എന്നതാണ്‌. എന്നാല്‍ തീവ്രവാദസംഘങ്ങള്‍ മേല്പറഞ്ഞ കാരണങ്ങളില്‍നിന്നുണ്ടായവയാകാമെങ്കിലും അവയൊന്നും സമൂഹവുമായി സൃഷ്ടിപരമായി പ്രതിപ്രവര്‍ത്തിക്കുന്നില്ല. അതിനു കാരണം അവ പലപ്പോഴും ദേശ-വര്‍ഗ-ജാതി-മത-ഭാഷാ സ്വത്വങ്ങളില്‍നിന്ന് കൃത്രിമമായി ഉല്പാദിപ്പിക്കപ്പെടുന്നവയാണ് എന്നതാണ്. രാജ് താക്കറേയുടെ മറാഠി മണ്ണിന്റെമക്കള്‍വാദവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉല്‍ഫ പോലുള്ള സംഘടനകള്‍ ഉല്പാദിപ്പിക്കുന്ന വംശ-വര്‍ഗ വികാരങ്ങളും എസ് എന്‍ ഡി പി, എന്‍ എസ് എസ് തുടങ്ങിയ എണ്ണമറ്റ സംഘടനകള്‍ ഉറപ്പിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന ജാതിബോധവും പേരെടുത്ത് പറയേണ്ടാത്തത്ര പ്രചാരത്തിലായിക്കഴിഞ്ഞ മതമൌലികവാദ സംഘടനകള്‍ മുന്നോട്ട് വെക്കുന്ന മതാധിഷ്ഠിത സ്വത്വബോധവും ലിപിയുള്ളവയും അല്ലാത്തവയുമായ ഭാഷകള്‍ കേന്ദ്രീകരിച്ചുള്ള വിഘടനവാദവും ഇതിന്റെ ഉദാഹരണങ്ങളാവുന്നത് ഇത് ഉയര്‍ത്തുന്നവരുടെ രാഷ്ട്രീയാപചയങ്ങളിലൂടെയാണ്. (ഇവയോരോന്നിനെക്കുറിച്ചുമുള്ള വിശദീകരണങ്ങള്‍ ഓരോ സ്വതന്ത്രപോസ്റ്റിനോളം വലിപ്പം ആവശ്യപ്പെടുന്നത് കൊണ്ടും ഇവയെ ഒന്നൊന്നായെടുത്ത് വിശകലനംചെയ്യുന്ന ധാരാളം പോസ്റ്റുകള്‍ ബൂലോകത്ത് ഇതിനോടകം വന്നുകഴിഞ്ഞതിനാലും അതിനു ശ്രമിക്കുന്നില്ല.)

എക്കാലത്തും അധികാരകേന്ദ്രങ്ങള്‍ ഭരണസൌകര്യത്തിനായി അനുവര്‍ത്തിച്ചുവരുന്ന തന്ത്രമാണ് ഭരിക്കപ്പെടുന്നവരുടെ സ്വത്വബോധത്തെ കുറെ ശിഥിലശകലങ്ങളിലേക്ക് ചിതറിച്ചെടുക്കുക എന്നത്. അരാഷ്ട്രീയതയിലും സ്ഥാപിതതാത്പര്യങ്ങളിലും കുളിച്ച്നില്‍ക്കുന്ന നേതൃത്വങ്ങള്‍ക്ക് പിന്നില്‍ സ്വരുക്കൂട്ടപ്പെടുന്ന ഇത്തരംകൂട്ടങ്ങള്‍ എളുപ്പത്തില്‍ വിലയ്ക്കെടുക്കപ്പെടാവുന്നവയാണെന്ന് കോര്‍പ്പറേറ്റ് മൂലധനകേന്ദ്രീകൃതമായ അധികാരവ്യവസ്ഥക്കറിയാം. അതുകൊണ്ട്തന്നെ അവര്‍ ഇത്തരം ശകലങ്ങളുടെ രൂപീകരണത്തെ കണ്ടില്ലെന്നുനടിക്കുകയും പരോക്ഷമായി സഹായിക്കുകയും ചെയ്യുന്നു. മൂലധനശക്തികളുടെ ചൊല്പടിക്ക് നില്‍ക്കുന്നിടത്തോളംകാലം ഇവരൊന്നും ഒരു ഭരണകൂടത്തിനും തീവ്രവാദ മൌലികവാദസംഘടനകളാവുന്നില്ല. അല്ലാതെ വരുമ്പൊഴോ അവരെ ഒറ്റപ്പെടുത്തി അടിച്ചമര്‍ത്തുവാന്‍ ഇതേഭരണകൂടത്തിന് ചിലവാകുന്നത് കേവലം ഒരു പ്രഖ്യാപനം മാത്രം. അതിന്റെ പ്രചാരവേലയ്ക്കായി അവര്‍ക്ക് മുന്നിലുള്ളതോ മുഴുവന്‍ സര്‍ക്കാര്‍സംവിധാനങ്ങളും.


അകാലിദളിന്റെ കൊടിക്കീഴില്‍ ഒറ്റക്കെട്ടായി നിന്ന പഞ്ചാബി ജനതയിലേയ്ക്ക് കോണ്‍ഗ്രസ്സിന്റെ വേരുകള്‍ കൊണ്ടെത്തിക്കാന്‍ ഇന്ദിരാജി കണ്ടെത്തിയ കുറുക്കുവഴി ആയിരുന്നല്ലൊ ഭിന്ദ്രന്‍. ഒടുവില്‍ പുരയ്ക്കുമേല്‍ വീഴുമെന്നായപ്പോള്‍ ഭിന്ദ്രന്‍ വാലയെന്ന പഴയ തണല്‍മരം വിഷവൃക്ഷമായി പ്രഖ്യാപിക്കപ്പെട്ടു. ഉഗ്രവാദികളെ അടിച്ചമര്‍ത്താനായി ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍ നടത്തിയ ഇന്ദിര ഉരുക്കുവനിതയെന്ന തന്റെ വിളിപ്പേര്‍ ഒരിക്കല്‍കൂടി ഉറപ്പിച്ചു.കമ്യൂണിസ്റ്റ് റഷ്യയെ തകര്‍ക്കാനായി അമേരിക്ക വളര്‍ത്തിക്കൊണ്ടുവന്ന ബിന്‍ ലാദന്‍ ഒടുവില്‍ തായ്തടിയെക്കാള്‍ വളര്‍ന്ന ഇത്തിളായ് മാറിയത് അമേരിക്കയുടെ തന്നെ നയങ്ങളെ ഉപയോ‍ഗിച്ചായിരുന്നു. സാമ്രാജ്യത്വവിരുദ്ധസമരങ്ങളുടെ നായകന്‍ എന്ന വിളിപ്പേര്‍വരെ സ്വന്തമാക്കിയിരുന്നല്ലൊ ഇടക്കാലത്ത് ലാദന്‍. ലാദനെയും താലിബാനെയും തകര്‍ക്കാന്‍ തക്കംപാര്‍ത്തിരുന്ന അമേരിക്കയ്ക്ക് വീണുകിട്ടിയ ന്യായമായി സെപ്തംബര്‍ പതിനൊന്ന്. ഭീകരതയ്ക്കെതിരേയുള്ള യുദ്ധത്തിനു നാന്ദികുറിക്കാനുള്ള അവസരവും അങ്ങനെ ലോകത്തെ ഏറ്റവും ഭീകരരാഷ്ട്രമായ അമേരിക്കയ്ക്ക് സ്വന്തം..!


രാമജന്മഭൂമിയിലേയ്ക്ക് അദ്വാനിനടത്തിയ രഥയാത്രയുടേയും, രാജ്യത്തെമ്പാടുനിന്നും വണ്ടിയിലും, തീവണ്ടിയിലും കാല്‍നടയായും എത്തിച്ചേര്‍ന്ന കര്‍സേവകര്‍ ചേര്‍ന്ന് ഒരു അനുഷ്ഠാനകലയുടെ കൃത്യതയും ചിട്ടവട്ടങ്ങളുമൊപ്പിച്ച് ചെയ്ത് തീര്‍ത്ത പള്ളിപൊളിക്കലിന്റെയും കഥകള്‍ നമുക്ക് അറിവുള്ളതാണ്.പക്ഷേ ഇന്നു നാമനുഭവിക്കുന്ന സാമ്പത്തികമാന്ദ്യമടക്കമുള്ള പല പ്രശ്നങ്ങളുടെയും മൂലകാരണമായി കാണാവുന്ന ഗാട്ട്കരാര്‍ സംബന്ധിച്ച് അന്ന് രാജ്യത്താകമാനം ഉയര്‍ന്നുവന്ന ചര്‍ച്ചകളും പ്രതിഷേധങ്ങളുമായി അതിനുള്ള ബന്ധം ഏറെയൊന്നും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തിന്റെ സ്വയംഭരണാവകാശം പണയംവയ്ക്കാന്‍ പോന്ന ഒരു കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എത്ര നിസ്സാരമായി വഴിമാറ്റപ്പെട്ടു.അതിനു കൊടുക്കേണ്ടിവന്ന വിലയാണ് ഇന്ന് നാം വിലപിക്കുന്ന തീവ്രവാദശല്യങ്ങള്‍.

ഭരണകൂടഭീകരത ഒരാഗോളപ്രതിഭാസമായി മാറിക്കഴിഞ്ഞിരിക്കുന്നു. അതിന്റെ ഒരു ഉപോല്പന്നം മാത്രമായ ഭീകരതയെ ഭരണകൂടം തരംപോലെ വളര്‍ത്തുകയും തളര്‍ത്തുകയും ചെയ്യുന്നു. രാഷ്ട്രീയം എന്ന വിശാലസംജ്ഞയ്ക്ക് പുറത്തുനിന്നുകൊണ്ട് ഇത്തരം അസംബന്ധനാടകങ്ങളെ സംവിധാനംചെയ്തവതരിപ്പിക്കുന്ന മൂലധനശക്തികളാവട്ടെ ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാര്‍ എന്നൊക്കെ അതികാല്‍പ്പനികത കലര്‍ന്ന ഭാഷയില്‍ അധികാരം അഭിസംബോധനചെയ്യുന്ന ‘ജന’ത്തിന് എന്നും അതാ‍ര്യരായ് തുടരുന്നു. നീക്കുപോക്ക്, അടവുനയം തുടങ്ങിയ ഓമനപ്പേരുകളില്‍ സമകാലിക രാഷ്ട്രീയത്തില്‍ ഇന്ന് പ്രബലമായിക്കഴിഞ്ഞ ലേലംവിളികളും വിലയ്ക്കെടുക്കലുകളും ഒക്കെ ആവേശപൂര്‍വ്വം ഏറ്റെടുക്കാനും തങ്ങളുടെ വിജയമായി തെരുവില്‍ ആഘോഷിക്കാനും ഇന്നും ഇന്ത്യയില്‍ ആളെക്കിട്ടുന്നു എന്നത് സൂചിപ്പിക്കുന്നത് ഇതുതന്നെ.

മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ കോര്‍പ്പറേറ്റ് മൂലധനകേന്ദ്രീകൃതമായ അധികാരവ്യവസ്ഥയുടെ സന്തതിയും സഹചാരിയുമാണ് വര്‍ഗീയ-മൌലിക-തീവ്ര-ഭീകരവാദപ്രസ്ഥാനങ്ങള്‍. അത്തരം ഒരു അധികാരവ്യവസ്ഥയുമായി കണക്കുതീര്‍ത്തുകൊണ്ടല്ലാതെ ഈ വിപത്തുകളെ ചെറുക്കുക എന്നത് അസാധ്യമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെകാലത്തെ ഇന്ത്യയിലെ രാഷ്ട്രീയപരീക്ഷണങ്ങള്‍ ഇതിനെ ശരിവെക്കുന്നുമുണ്ട്. കേവലമായ വര്‍ഗീയത-ഭീകരവിരുദ്ധമുന്നേറ്റങ്ങള്‍ പലപ്പോഴും ലക്ഷ്യം കാണാതെ പോവുന്നതും ഈയൊരു രാഷ്ട്രീയമായ തിരിച്ചറിവിന്റെ അഭാവത്താലാണ്. അതുകൊണ്ടുതന്നെ നവലിബറല്‍ ആഗോളീകരണനയങ്ങള്‍ക്കെതിരായ സമരങ്ങളുമായി കണ്ണിചേര്‍ത്തുകൊണ്ടല്ലാതെ ഭീകരതക്കെതിരായ പോരാട്ടങ്ങള്‍ സാര്‍ഥകമാവുകയില്ലതന്നെ.

3 comments:

പാമരന്‍ said...

നല്ല നിരീക്ഷണങ്ങള്‍..

Mahi said...

കോര്‍പ്പരേറ്റ്‌ മൂലധന കേന്ദ്രീകൃതമായ അധികാരവ്യവസ്ഥയും മതമൌലിക വാദങ്ങളും വിഘടന വാദവുമെല്ലാം ഒന്നിനൊന്ന്‌ ഇഴചേര്‍ന്നു കിടക്കുന്നു എന്നുള്ള കാരണങ്ങളുടെ സമഗ്രമായ കാഴ്ച്ചപ്പാട്‌ ഇല്ലാത്തതാണ്‌ ഇതെല്ലാം തുടച്ചു നീക്കപ്പെടാതെ മനുഷ്യാവസ്ഥയ്ക്കൊരു ഭീഷിണിയായ്‌ ഇന്നും നിലനില്‍ക്കുന്നതെന്ന സത്യം നമോരോരുത്തരും മനസിലാക്കേണ്ടാതാണ്‌.പരത്തി പറയാതെ തന്നെ മനുഷ്യനുമേലുള്ള ആധുനിക അധിനിവേശങ്ങളുടെ പിന്‍വഴികളിലേക്ക്‌ കുറേയെങ്കിലും നിങ്ങള്‍ക്ക്‌ പോകാന്‍ കഴിഞ്ഞിട്ടുണ്ട്‌.ഭീകരത പോലുള്ള മനുഷ്യ വിരുദ്ധ പ്രവൃത്തനങ്ങളുടെ കാരണങ്ങളെ മനസിലാക്കുനുള്ള വിശാലമായ മാനസികാവസ്ഥയാണ്‌ ഇന്ന്‌ വേണ്ടെതെന്ന നോം ചോംസ്കിയന്‍ വാദത്തെ പരിഗണിക്കുമ്പോള്‍ നിങ്ങള്‍ ചെയ്തതിന്റെ പ്രസക്തിയേറുകയാണ്‌.ഇന്നത്തെ തീപിടിച്ച കാലത്തില്‍ ഇത്തരം ഗൌരവമേറിയ ചിന്തകള്‍ ഉയര്‍ന്നു വരുക തന്നെ വേണം

Rajeeve Chelanat said...

വിശാഖ്, പരമു,

ഒരു മര്‍ദ്ദനോപാധി എന്ന നിലയില്‍ ഭരണകൂടം തന്നെ ഭീകരതയുടെ മൊത്തവില്‍പ്പനക്കാരനാണ്. അതുകൊണ്ടാണ് അതിന്റെ കൊഴിഞ്ഞുപോക്കിനെ പൂര്‍വ്വസൂരികള്‍ സ്വപ്നം കണ്ടിരുന്നതും.

ആ സ്വപ്നത്തിലേക്ക് ലോകം മുഴുവന്‍ നടന്നടുക്കുന്ന കാഴ്ചയാണ് ഇന്ന്. എല്ലാ ഭരണകൂടങ്ങളും കൊഴിഞ്ഞുപോകുന്നു. പക്ഷേ, ആ സ്ഥാനത്ത് പകരം വരുന്നത് കോര്‍പ്പറേറ്റുകളാണെന്ന ഒരു വ്യത്യാസം മാത്രം. ഭരണകൂടങ്ങള്‍ അവയുടെ ഏജന്റുകളായി മാറിയിരിക്കുന്നു. രാജ്യത്തെ ഒരു വലിയ കമ്പോളമായി കാണുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന കോര്‍പ്പറേറ്റുകളാണ് ഇന്ന് രാഷ്ട്രീയപ്പാര്‍ട്ടികളുടെ അജണ്ടകളെപ്പോലും നിയന്ത്രിക്കുന്നത്.

അതുകൊണ്ട്, മുഖ്യധാരാ രാഷ്ട്രീയത്തിന്റെയും ദേശീയതയുടെയും എതിര്‍പക്ഷത്തുനില്‍ക്കുന്ന മതങ്ങളെയും, ജനകീയപ്രസ്ഥാനങ്ങളെയും, വ്യക്തികളെയും, ഭീകരവാദികളായി അവര്‍ മുദ്രകുത്തും. ഇടതുപക്ഷം പോലും ഒരു പരിധിവരെ, ഈ കോര്‍പ്പറേറ്റുകളുടെ നിയന്ത്രണത്തിലാണ്.

എങ്കിലും, ചെറുത്തുനില്‍പ്പുകള്‍, പരിമിതമായ തലത്തിലാണെങ്കിലും അവിടെയിവിടെയായി ഉയരുന്നുണ്ട്. ഇതിനുമുന്‍പ്, അസംഘടിതരായിരുന്ന പല ജനവിഭാഗങ്ങളും ഒന്നിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതും പ്രത്യാശക്ക് ഇടനല്‍കുന്നു.

പ്രസക്തമായ ലേഖനത്തിനു നന്ദി.