Monday, December 29, 2008

വീരാരാധനയുടെ പാഠഭേദങ്ങള്‍

തിന്മകള്‍ക്കെതിരെ ഒറ്റയാള്‍പോരാട്ടം നടത്തി ജയിച്ചുകയറുന്ന അതിമാനുഷരായ നായകര്‍ നമ്മുടെ സിനിമാസങ്കല്‍പത്തിലെ ഒഴിവാക്കാനാവാത്ത ഘടകമാണ്‌. ഇത്തരമൊരു ഘടകത്തെ ഒഴിവാക്കിക്കൊണ്ട്‌ കഴിയുന്നത്ര യാഥാര്‍ത്ഥ്യബോധത്തോട്‌കൂടി സിനിമയെടുക്കുവാന്‍ നാളിതുവരെ നടന്നിട്ടുള്ള ശ്രമങ്ങളോടൊക്കെയും നമുക്കിന്ന് പുച്ഛവുമാണ്‌. താഴേക്കിടതൊട്ട്‌ അങ്ങ്‌ മുകളില്‍വരെ അടിമുടി വേരോട്ടമുള്ള പ്രതിലോമശക്തികളെ പത്തോ പതിനഞ്ചോ മിനുട്ട്‌ ദൈര്‍ഘ്യമുള്ള ഒരു ക്ലൈമാക്സിലൂടെ തല്ലിത്തോല്‍പ്പിക്കുന്ന നായകന്‍ ഒരു യാഥാര്‍ത്ഥ്യമല്ല എന്ന തിരിച്ചറിവ്‌ അനുഭവതലത്തില്‍ നമുക്കുണ്ട്‌. എന്നിട്ടും ഇതുകണ്ട്‌ രസിക്കാന്‍ നമുക്കാവുന്നത്‌ ഇത്തരം പ്രതിലോമശക്തികളുടെ ആത്യന്തികമായ വിജയത്തെ പരാതികളില്ലാതെ അംഗീകരിക്കാന്‍ കഴിയുന്ന ഒരു സമൂഹമനസ്സിന്റെ പ്രവര്‍ത്തനഫലമായാണ്‌. അഴിമതി ഒരു ആഗോള പ്രതിഭാസമാണെന്ന് പണ്ടൊരു മുഖ്യമന്ത്രി ഉളുപ്പില്ലാതെ പ്രഖ്യാപിച്ചത്‌ അയാള്‍ ഒരു അന്യഗ്രഹജീവിയായത്‌ കൊണ്ടല്ല. അത്തരമൊരു ഭരണാധികാരിയെ അര്‍ഹിക്കുംവിധം നമ്മുടെ സമൂഹ്യഘടന ജീര്‍ണിച്ച്‌ പോയതുകൊണ്ടാണ്‌.(ഓരോ ജനതയ്ക്കും അവരവരര്‍ഹിക്കുന്ന ഭരണാധികാരികളെ കിട്ടുമെന്ന് മാര്‍ക്സ്‌) അതായത്‌ എതിര്‍ക്കപ്പെടേണ്ടതെന്ന് നമ്മുടെ ഉപബോധമനസ്സ്‌ ശാഠ്യംപിടിക്കുന്ന തിന്മകളുമായൊക്കെ സമരസപ്പെടാന്‍ നമ്മുടെ ബോധമനസ്സിനായിരിക്കുന്നു. അബോധമായ ചോദനകളെ തൃപ്തിപ്പെടുത്താനോ, എല്ലാറ്റിനോടും ഒറ്റയ്ക്ക്‌ പൊരുതിജയിക്കുന്ന അതിമാനുഷികസിദ്ധികളോട്‌ കൂടിയ വീരനായകരാല്‍ സമ്പന്നമായ സിനിമകളും. അങ്ങനെയാണ്‌ രണ്ടര മണീക്കൂര്‍ എല്ലാം മറന്ന് രസിക്കാന്‍ വേണ്ടി എന്ന വാദത്തെ പിന്‍പറ്റി ഫോര്‍ ദ പീപ്പിള്‍ പോലുള്ള സിനിമകള്‍പോലും കണ്ട്‌ കൈയ്യടിച്ച്‌ നാം ഇറങ്ങിപ്പോരുന്നത്‌. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെപ്പിടിച്ച്‌ കൈവെട്ടുകയോ തട്ടിക്കളയുക തന്നെയോ ചെയ്താല്‍ നിര്‍മാര്‍ജ്ജനം ചെയ്യാവുന്നതേയുള്ളൂ അഴിമതി പോലുള്ള സാമൂഹ്യതിന്മകള്‍ എന്ന വ്യാമോഹം നമ്മുടെ സമൂഹത്തില്‍ വേരാണ്ടുപോയതിനും കാരണം മറ്റൊന്നല്ല. (കരിഞ്ചന്തയില്‍ ടിക്കറ്റ്‌ എടുത്താണ്‌ പലപ്പോഴും നാമിങ്ങനെ ധാര്‍മികരോഷം കൊള്ളാറുള്ളതെന്നതിലെ വൈരുധ്യം പരിഗണിക്കുമ്പോള്‍ പ്രത്യേകിച്ചും.)ചുരുക്കിപറഞ്ഞാല്‍ തങ്ങളുടെ സാമൂഹ്യവും രാഷ്ട്രീയവുമായ അപചയങ്ങള്‍ക്ക്‌ ഒരു ഒറ്റമൂലിയുമായി ഷണ്ഡീകരിക്കപ്പെട്ട തങ്ങളുടെ സമൂഹത്തിനു പുറത്തുനിന്നും ഒരു വീരനായകന്‍ അവതരിക്കുമെന്ന് വെറുതെ സ്വപ്നംകാണുന്ന ഒരു ജനതയ്ക്കും തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെ യാഥാര്‍ത്ഥ്യബോധത്തൊടെ സമീപിക്കുവാനോ പരിഹാരം കാണാനോ സാധ്യമല്ല.

നമ്മുടെ വര്‍ത്തമാനസിനിമകളില്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന വില്ലന്‍ ഭരണകൂടമാണ്‌. ഭരണകൂടോപകരണങ്ങളായ മന്ത്രിമാര്‍, എം എല്‍ എമാര്‍ തൊട്ട്‌ സാധാരണ രാഷ്ട്രീയക്കാരന്‍ വരെ; ഐജി, കമ്മീഷണര്‍തൊട്ട്‌ സാധാരണപോലീസുകാരന്‍ വരെ; ഐ എ എസ്സുകാരന്‍, ഗുമസ്തന്‍ തൊട്ട്‌ ശിപ്പായി വരെ വില്ലന്മാരുടെ സമൃദ്ധമായ ഒരു ശേഖരം തന്നെയുണ്ട്‌ ആ ലിസ്റ്റില്‍. ഇവര്‍ക്കെതിരെ പൊരുതി വേണം നായകനെന്ന ഒറ്റവ്യക്തിക്ക്‌ അനിവാര്യമായ വിജയം കൈപ്പിടിയിലാക്കേണ്ടത്‌. പലപ്പോഴും മേല്‍പറഞ്ഞ ഭരണകൂട ഉപകരണങ്ങളിലൊന്നായിരിക്കാം പ്രസ്തുത നായകനും. എങ്കിലും സുദീര്‍ഘമായൊരു സമരത്തിന്റെ വ്യത്യസ്ഥഘട്ടങ്ങളില്‍വെച്ച്‌ അയാള്‍ ജനാധിപത്യവ്യവസ്ഥയിലുള്ള തന്റെ വിശ്വാസങ്ങളെ ഒന്നൊന്നായി വലിച്ചെറിഞ്ഞ്‌ സ്വതന്ത്രനാവുന്നത്‌ കാണാം. അങ്ങനെയാണ്‌ പോലീസ്‌ കമ്മിഷണറായ ഒരു നായകന്‍ രാഷ്ട്രീയക്കാരനായ വില്ലനെ കീഴ്പെടുത്തിയ ശേഷം ഒരു കോടതിക്കും നിന്നെ വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ്‌ കത്തിച്ചുകളയുന്നത്‌. നിയമനിര്‍മാണ-കാര്യനിര്‍വഹണ-നീതിന്യായ വ്യവസ്ഥകളിലൊക്കെയും വിശ്വാസം നഷ്ടപ്പെട്ട ഇയാളുടെ ഔദ്യോഗികപദവി എന്തുതന്നെയായിരുന്നാലും അന്തിമവിജയം നേടിവരുമ്പോള്‍ അയാള്‍ പ്രസ്തുതപദവിക്ക്‌ മാത്രമല്ല, വ്യവസ്ഥയ്ക്ക്‌ തന്നെയും അപ്പുറത്താണ്‌. ഇത്തരം നായകന്മാര്‍ കാലാകാലങ്ങളായി പറഞ്ഞുവെച്ച അരാഷ്ട്രീയതയാണ്‌ മുംബൈ ആക്രമണപശ്ചാത്തലത്തില്‍ അവിടുത്തെ തെരുവുകളില്‍ പ്ലക്കാര്‍ഡുകളായി ഉയര്‍ന്നത്‌.

ഉപരി-മധ്യ-അടിസ്ഥാന വര്‍ഗങ്ങളുമായൊക്കെ ഇത്തരം സിനിമകള്‍ സംവദിക്കുന്നുണ്ടെങ്കിലും അത്‌ ഒരുപോലെയാണെന്ന് കരുതുവാന്‍ വയ്യ. സാമ്പത്തികവും സാംസ്കാരികവുമായി പിന്നോക്കം നില്‍ക്കുന്ന അടിസ്ഥാനവര്‍ഗ്ഗത്തിന്റെ വീരാരാധനയുടെ രാഷ്ട്രീയം ഉപരി-മധ്യവര്‍ഗങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമാണ്‌. പഴയ ഫ്യൂഡല്‍ ഏകാധിപത്യത്തില്‍നിന്നും പുതിയ‍ ജനാധിപത്യത്തില്‍നിന്നും ഒരുപോലെ അടിച്ചമര്‍ത്തലും അവഗണനയും മാത്രം നേരിടേണ്ടിവന്ന അവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ രാഷ്ട്രീയത്തേയും വിഭവശേഷിയെയും ഏകോപിപ്പിക്കാന്‍ പോന്ന മൂല്യബോധവും, സംഘടനാപാടവവുമുള്ള ഒരു നായകനേയോ നേതാവിനേയോ കാത്തിരിക്കാതെ നിവൃ‍ത്തിയില്ല. മൂന്നാംക്ലാസ്സ്‌ കൊട്ടകയിലിരുന്ന് രജനീകാന്തിനും ചിരംജീവിക്കും കൈയടിക്കുമ്പോഴും തിരശ്ശീലയിലെ തങ്ങളുടെ ധീരനായകര്‍ രാഷ്ട്രീയത്തിലൂടെ നിസ്സഹായമായ തങ്ങളുടെ ജീവിതത്തിലേക്ക്‌ രക്ഷകരായി അവതരിക്കുമെന്ന് സ്വപ്നം കാണുമ്പോഴും അവര്‍ മുന്നോട്ട്‌ വയ്ക്കുന്നത്‌ മാറിവന്ന അധികാരവ്യവസ്ഥകള്‍ക്കൊന്നും മാറ്റുവാന്‍ കഴിയാതെപോയ തങ്ങളുടെ സാമൂഹ്യവും രാഷ്ട്രീയവുമായ അനാഥത്വത്തെയാണ്‌.

മധ്യ-ഉപരി വര്‍ഗങ്ങളുടെ വിരാരാധനയുടെ രാഷ്ട്രീയം മേല്‍പറഞ്ഞത്ര ഋജുവോ നിര്‍ദോഷമോ ആണെന്ന് കരുതാനാവില്ല. കാരണം ഫാസിസ്റ്റ്‌-ഏകാധിപത്യഭരണസംവിധാനങ്ങളോടുള്ള ഇവരുടെ പ്രതിപത്തിയുടെ ചരിത്രംതന്നെ. ന്യായവേതനം ഉള്‍പ്പെടെയുള്ള മനുഷ്യാവകാശങ്ങള്‍ക്ക്‌ വേണ്ടിപോലും സമരം ചെയ്യാനുള്ള അവകാശം തൊഴിലാളികള്‍ക്ക്‌ നിഷേധിക്കുന്നതിലൂടെ നിര്‍ബാധം തുടരുന്ന ഉല്‍പാദനവും, ജനാധിപത്യപരമായ പ്രതിഷേധമാര്‍ഗങ്ങളുടെ നിരോധനത്തിലൂടെ തടസ്സമില്ലാതോടുന്ന തീവണ്ടികളും വിമാനങ്ങളും, നാവടക്കിപണിയെടുക്കുന്ന, അടിമയുടെ മനസുള്ള കീഴ്ജീവനക്കാരുമൊക്കെയടങ്ങുന്ന ഒരാദര്‍ശസമൂഹത്തെ അവര്‍ക്കായി നിര്‍മിച്ച്‌നല്‍കാന്‍ ജനാധിപത്യത്തിനു കഴിയില്ലെന്നും, അത്‌ ഏകാധിപത്യ-ഫാസിസ്റ്റ്‌ ഭരണകൂടങ്ങളിലൂടെ മാത്രം സാധ്യമാവുന്നതാണെന്നുമുള്ള തിരിച്ചറിവ്‌ അടിയന്തിരാവസ്ഥയോടനുബന്ധിച്ച്‌ അവരെടുത്ത നിലപാടുകളില്‍ പ്രകടമാണ്‌. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ എണ്ണത്തിലും കരുത്തിലും മധ്യവര്‍ഗത്തിന്‌ വ്യക്തമായ പ്രമാണിത്തമുള്ള കേരളത്തില്‍ അടിയന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ രാജ്യത്താകമാനം വീശിയ ഇന്ദിരാവിരുദ്ധതരംഗത്തെ അതിജീവിച്ചുകൊണ്ട്‌ കോണ്‍ഗ്രസ്സ്‌ നേടിയ വന്‍ഭൂരിപക്ഷത്തിന്‌ ഈ വിഷയത്തില്‍ ഒരുപാട്‌ പറയാനുണ്ട്‌. പതിറ്റാണ്ടുകള്‍ക്ക്‌ ശേഷം അദ്വാനിയാദികളുടെ 'ഇന്ത്യ തിളങ്ങുന്നു'വാദത്തിന്‌ കേരളത്തില്‍ ലഭിച്ച സ്വീകാര്യതയ്ക്ക്‌ അന്നത്തെ തിരഞ്ഞെടുപ്പ്‌ ഫലവും സാക്ഷ്യമാണ്‌.(തനിച്ച്‌ സീറ്റൊന്നും നേടാനായില്ലെങ്കിലും ഏന്‍ ഡി എയ്ക്ക്‌ കേരളത്തില്‍ അക്കൗണ്ട്‌ തുടങ്ങാനായി എന്നതും വോട്ടിംഗ്‌ ശതമാനത്തില്‍ വന്‍പിച്ച മുന്നേറ്റം നടത്താനായെന്നതും തന്നെ തെളിവ്‌)

നമ്മുടെ മുഖ്യധാരാസിനിമയുടെ ആസ്വാദകരിലേറിയപങ്കും സ്വാഭാവികമായും അടിസ്ഥാനവര്‍ഗ്ഗത്തില്‍പ്പെട്ടവരായിരിക്കാമെങ്കിലും അതിന്റെ സാമ്പത്തികാടിത്തറ എന്നും ഉപരി-മധ്യ വര്‍ഗങ്ങള്‍ തന്നെയായിരുന്നു. അതുകൊണ്ട്‌ തന്നെയാവണം മുഖ്യധാരാസിനിമയുടെ മൂല്യബോധം എന്നും മേല്‍പറഞ്ഞ വര്‍ഗങ്ങളുടേതായിരുന്നതും. ശ്രദ്ധേയമായ മറ്റൊരു വസ്തുത ഭരണകൂടോപകരണങ്ങളെയൊക്കെത്തന്നെ പ്രത്യക്ഷമായോ പരോക്ഷമായോ, ഏറിയോ കുറഞ്ഞോ പ്രതിസ്ഥാനത്ത്‌ നിര്‍ത്തിവരുന്ന ഇന്ത്യന്‍സിനിമ ഏറ്റവും പ്രബലമായ ഭരണകൂടോപകരണമായ സൈന്യത്തെ എന്നും ആദര്‍ശവല്‍ക്കരിച്ചിരുന്നു എന്നതാണ്‌. മലയാളസിനിമയുടെ കാര്യമെടുത്താല്‍ മിനിമം ഗാരണ്ടിയുള്ളൊരു സബ്ജക്റ്റാണ്‌ അന്നും ഇന്നും അത്‌. നേരത്തെ പരാമര്‍ശിച്ച 'പട്ടാളത്തെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ' മോഡല്‍ പ്ലക്കാര്‍ഡുകള്‍ ഇതുമായി കൂട്ടിവായിക്കേണ്ടതുണ്ട്‌. പട്ടാളവാഴ്ച കുട്ടിച്ചോറാക്കിയ ഒരു രാജ്യം തൊട്ടയല്‍പക്കത്തുണ്ടായിട്ടും നമ്മുടെ മധ്യവര്‍ഗവും അവരുടെ മാധ്യമങ്ങളും അതില്‍നിന്ന് ഒന്നും പഠിക്കുന്നില്ല. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജനാധിപത്യത്തെ അടച്ചാക്ഷേപിച്ചുകൊണ്ട്‌ പട്ടാളത്തെ പുല്‍കാന്‍ കൊതിക്കുന്നവര്‍ വര്‍ഷങ്ങളോളം പട്ടാളം ഭരിച്ചിരുന്ന പാക്കിസ്ഥാനില്‍ അക്കാലത്ത്‌ പലവട്ടം ആവര്‍ത്തിച്ചിരുന്ന ഭീകരാക്രമണങ്ങളുടെയും മനുഷ്യാവകാശധ്വംസനങ്ങളുടെയും ന്യൂനപക്ഷപീഢനങ്ങളുടെയും ചരിത്രത്തിനുനേരെ കണ്ണടയ്ക്കുന്നു. അതായത് ഉപരി-മധ്യവര്‍ഗ്ഗങ്ങളുടെ സമീപകാല രാഷ്ട്രീയനിലപാടുകളില്‍ തെളിയുന്നത് ഭീകരാക്രമണങ്ങളെ ചെറുക്കാന്‍പോന്ന സുസ്ഥിരമായ ഒരു ഭരണം വേണമെന്ന ആഗ്രഹമല്ല മറിച്ച് ആവര്‍ത്തിക്കപ്പെടുന്ന കലാപങ്ങളും, ഭീകരാക്രമണങ്ങളും മറയാക്കിയെങ്കിലും ഒരു ഫാസിസ്റ്റ്‌ ഏകാധിപത്യഭരണം സ്ഥാപിച്ചെടുക്കണമെന്ന മോഹമാണ്‌.

ഒരു സമൂഹത്തിന്റെയും രാഷ്ട്രീയം പുറമെനിന്നും അതിലേക്ക്‌ കുത്തിവെക്കപ്പെടുന്ന ഒന്നല്ല, വ്യക്തിയെന്ന മൂലഘടകം മുതലങ്ങോട്ട്‌ ചെറുതുംവലുതുമായി രൂപീകരിക്കപ്പെടുന്ന സംഘടനകളുടെയൊക്കെ രാഷ്ട്രീയത്തിന്റെ ആകത്തുകയാണത്‌. അതുകൊണ്ടുതന്നെ നിരന്തരമായ ഇടപെടലുകളിലൂടെ ധനാത്മകമായ ഒരു ദിശയിലേക്കുള്ള അതിന്റെ ത്വരണങ്ങളെ സജീവമാക്കി നിലനിര്‍ത്തുക എന്നത്‌ അതിന്റെ ഓരോ അടിസ്ഥാനഘടകങ്ങളുടെയും ആത്യന്തികമായ കടമയാണ്‌. അതായത്‌ ഇന്നത്തെ രാഷ്ട്രീയം ആകെ ദുഷിച്ച്‌ പോയിരിക്കുന്നു, അതുകൊണ്ട്‌ എനിക്ക്‌ രാഷ്ട്രീയത്തില്‍ വിശ്വാസമില്ല എന്നുപറഞ്ഞ്‌ മാറിനില്‍ക്കാന്‍ ഈ വ്യവസ്ഥയില്‍ ഉരുവംകൊള്ളുകയും അതിനാല്‍ വളര്‍ത്തപ്പെടുകയും ചെയ്യുന്ന വ്യക്തിയെന്ന ഒരു മൂലഘടകത്തിന്‌ കഴിയില്ല. അഥവാ അങ്ങനെ ചെയ്യുന്നയാള്‍ തനിക്ക്‌കൂടി ഉത്തരവാദിത്തമുള്ള വീഴ്ചകളില്‍നിന്ന് ഒഴിഞ്ഞുമാറി ചില വ്യക്തിനിഷ്ഠമൂഢസ്വര്‍ഗ്ഗങ്ങളില്‍ അഭിരമിക്കുക്കയാണ്‌ വാസ്തവത്തില്‍ ചെയ്യുന്നത്‌. ഇന്നത്തെ ലോകത്തിന്റെ രാഷ്ട്രീയമെന്നത്‌ മധ്യവര്‍ഗ്ഗത്തിന്റെ രാഷ്ട്രീയമാണെന്നിരിക്കെ അവര്‍തന്നെ രാഷ്ട്രീയക്കാര്‍ക്ക്‌ നേരെയെറിയുവാന്‍ തെരുവില്‍ കല്ലുകൂട്ടി വെക്കുമ്പോള്‍ ഒരുങ്ങുന്നത്‌ പഴയൊരു ബിബ്ലിക്കല്‍ രംഗമാണ്‌. ഗണികയായ മറിയയെ കല്ലെറിഞ്ഞ്‌ കൊല്ലാന്‍ വിധിച്ചിരിക്കുന്നു,പക്ഷേ ആരാണ്‌ മറിയയെ വേശ്യയാക്കിയത്‌?

പല ഘടകകക്ഷികള്‍ ചേര്‍ന്നുള്ള കൂട്ടുമന്ത്രിസഭയും അതിന്മേല്‍ നിയന്ത്രണാധികാരമുള്ളൊരു പ്രതിപക്ഷവും പാര്‍ലമെന്റിനുപുറത്ത്‌ സൈനിംഗ്‌ അതോറിറ്റിയായി പ്രസിഡന്റും, പരമാവധി അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ നേരിടേണ്ടതായുള്ള തിരഞ്ഞെടുപ്പെന്ന ഭീഷണിയുമൊക്കെയുള്ള സങ്കീര്‍ണമായൊരു പാര്‍ലമെന്ററിജനാധിപത്യസംവിധാനത്തില്‍ വ്യക്തിഗത സ്വേച്ഛാധികാരങ്ങള്‍ക്ക്‌ സ്ഥാനമില്ല. (അടിയന്തിരാവസ്ഥ പോലുള്ള സാധ്യതകള്‍ ഉണ്ടെങ്കിലും അവയുടെ സ്ഥായിയായ പ്രയോഗത്തിന് ഭരണഘടനാപരമായ കടമ്പകള്‍ ഏറെയുള്ളതുകൊണ്ട് അതത്ര എളുപ്പമല്ല.) എന്നുവെച്ചാല്‍ ലോകരാഷ്ട്രങ്ങളുടെ മുഴുവന്‍ നയരൂപീകരണങ്ങളില്‍ നേരിട്ടിടപെടേണ്ട ബാധ്യതയും ചുമന്ന് നടക്കുന്ന കോര്‍പ്പറേറ്റുകളെ സംബന്ധിച്ചിടത്തോളം സുശക്തമായ ജനാധിപത്യരാജ്യങ്ങള്‍ ഒരു പൊതിയാത്തേങ്ങയാണ്‌. മേല്‍പറഞ്ഞ നൂലാമാലകളെയൊക്കെ അതിജീവിച്ച്‌ വേണം അവര്‍ക്ക്‌ അത്തരം രാജ്യങ്ങളുടെ രാഷ്ട്രീയത്തില്‍ കൈകടത്താന്‍. അതാവട്ടെ അത്ര എളുപ്പവുമല്ല. ഇതുതന്നെയാണ് എല്ലാ അധികാരവും ഒരൊറ്റ വ്യക്തിയില്‍ കേന്ന്ദ്രീ‍കരിക്കുന്ന പട്ടാളഭരണമുള്‍പ്പെടെയുള്ള ഫാസിസ്റ്റ് ഭരണസംവിധാനങ്ങളോടുള്ള കോര്‍പ്പറേറ്റ് ബുദ്ധികേന്ദ്രങ്ങളുടെ പ്രണയരഹസ്യവും. മൂന്നാം ലോകത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ മേഖലകള്‍ക്കുമേല്‍ അവര്‍ക്കുള്ള അധിനിവേശസ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനു ആദ്യം വേണ്ടത് അവിടങ്ങളിലെ ജനാധിപത്യ വ്യവസ്ഥയുടെ തകര്‍ച്ചയാണ്. അതിലേയ്ക്കായി അതാത് സമൂഹമനസുകളെ പരുവപ്പെടുത്താന്‍ ഏറ്റവും കാര്യക്ഷമമായി ഉപയോഗിക്കാവുന്ന ഉപകരണമാവട്ടെ മാധ്യമങ്ങളും. നമ്മുടെ മുഖ്യധാരാ സിനിമാവ്യവസായത്തിന്റെ ചുക്കാന്‍ ആഗോള കുത്തകകളുടെ കയ്യിലായിക്കഴിഞ്ഞു എന്നതിലും, ഇന്ത്യാ മഹാരാജ്യത്തെ ഒരു കൊച്ചു സംസ്ഥാനം മാത്രമായ കേരളത്തിലെ ടീ.വീ ചാനലുകളിലേയ്ക്ക് പോലും മര്‍ഡോ‍ക്കിനെപ്പോലുള്ള മാധ്യമഭീമന്മാരുടെ കണ്ണെത്തിക്കഴിഞ്ഞു എന്നതിലുമൊക്കെ കേവലം കച്ചവടതാല്‍പ്പര്യങ്ങള്‍ മാത്രമേയുള്ളു എന്ന് അനുമാനിക്കാന്‍‍ അസാമാന്യനിഷ്കളങ്കത തന്നെ വേണം. സംഗതി കച്ചവടമായിരിക്കുമ്പോള്‍തന്നെ അതില്‍ അധികാരമെന്ന ഘടകവും ഏകോപിപ്പിക്കപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ആഗോളരാഷ്ട്രീയം പണ്ടേ കോര്‍പ്പറേറ്റുകളാല്‍ ഹൈജാക്ക് ചെയ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു എന്ന് നാളുകള്‍ക്ക് മുന്‍പേ ചിന്തിക്കുന്ന പലരും നിരീക്ഷിച്ചിരുന്നത്.

ഹിറ്റ്‌ലറും മുസ്സോളിനിയുമടക്കമുള്ള ഏകാധിപതികളെ നിലനിര്‍ത്തിയിരുന്നത്‌ ‌ കോര്‍പ്പറേറ്റുകളായിരുന്നുവെന്നതിനും, അവര്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കുവാനും തങ്ങളുടെ അജണ്ട സുഗമമായി നടപ്പിലാക്കുവാനുമായി കോര്‍പ്പറേറ്റുമൂലധനപങ്കാളിത്തത്തോടെ മാധ്യമങ്ങളെ യഥേഷ്ടം വിലയ്ക്കെടുത്ത് ഉപയോഗിച്ചിരുന്നുവെന്നതിനും ചരിത്രം സാക്ഷിയാണ്. ഗീ‍ബത്സായിരുന്നു ഹിറ്റ്ലറുടെ വലംകൈയെന്നത് യാദൃച്ഛികമായി സംഭവിച്ചതല്ല. ഇറ്റലിയുടെയും ജര്‍മ്മനിയുടെയുമടക്കമുള്ള ഏകാധിപത്യഭരണകൂടങ്ങളുടെയെല്ലാം ചരിത്രം കോര്‍പ്പറേറ്റ്‌ -മാധ്യമ-ഫാസിസ്റ്റ്‌ അവിശുദ്ധത്രയങ്ങളുടേതായിരുന്നു. ഭരിക്കപ്പെടുന്ന ജനതയെ കബളിപ്പിക്കാന്‍ ലഭ്യമായ എല്ലാ വിഭവങ്ങളെയും ഉപയോഗിക്കാന്‍ ഈ ത്രയത്തിന് ഒരുകാലത്തും മടിയുമില്ലായിരുന്നു. കോര്‍പ്പറേറ്റ് മൂലധനശക്തികളുടെ പിടിയിലായിക്കഴിഞ്ഞ മാധ്യമലോകം ഏറെ നാളുകളായി നടത്തിവരുന്ന ഇത്തരമൊരു പരോക്ഷമായ സാമൂഹ്യ അരാഷ്ട്രീയവല്‍ക്കരണത്തിന്റെ വെളിപ്പെടലാ‍ണ് ഇക്കഴിഞ്ഞ കുറെനാളുകളായി ഇന്ത്യയില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്.

മുംബൈ ഭീകരാക്രമണത്തില്‍ സര്‍ക്കാറിന്റെ വീഴ്ചകളെ അപലപിച്ചും സൈന്യത്തിന്റെ ധീരകൃത്യങ്ങളെ വാനോളം പുകഴ്ത്തിയും മാധ്യമങ്ങള്‍ കൊണ്ടാടിയ ആഘോഷം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇന്ത്യയ്ക്ക്‌ വേണ്ടീ പൊരുതിമരിച്ച പട്ടാളക്കാരെ കൃതജ്ഞതാപൂര്‍വം ഓര്‍ത്തുകൊണ്ടും അവരുടെ രക്തസാക്ഷിത്വത്തിന്റെ മൂല്യം നെഞ്ചില്‍തൊട്ടറിഞ്ഞുകൊണ്ടുംതന്നെ ചോദിക്കട്ടെ, ഇന്ത്യന്‍സൈന്യം ഇന്ത്യന്‍ ജനാധിപത്യഭരണവ്യവസ്ഥയുടെ ഭാഗമല്ലേ? അങ്ങനെയെങ്കില്‍ അത്‌ ഇന്ത്യന്‍രാഷ്ട്രീയത്തിന്റെയും ഭാഗമല്ലേ? ഇന്ത്യന്‍സൈന്യത്തിന്റെ പരാജയങ്ങള്‍ ഇന്ത്യന്‍ഭരണകൂടത്തിന്റെ പരാജയമാണെങ്കില്‍ അവരുടെ വിജയങ്ങള്‍ ഭരണകൂടത്തിന്റെയും വിജയമല്ലേ? അതോ പട്ടാളം ഭരണാധികാരികളുടെ ഉത്തരവുകള്‍ക്കൊന്നും കാത്തുനില്‍ക്കാതെ രാജ്യരക്ഷയുടെ ഉത്തരവാദിത്തം സ്വയംനെഞ്ചേറ്റി മുംബൈയിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നോ? ഉരുക്കുമനസുള്ളൊരു പട്ടാളമേധാവിയെ അധികാരം ഏല്‍പ്പിച്ചുകൊണ്ട്, വെടിയുണ്ടകളും, ഗ്രനേഡുകളും കൊണ്ട് തീര്‍ക്കാവുന്നതാണോ ഇന്ത്യയുടേത്പോലുള്ളൊരു ബഹുസ്വരസമൂഹത്തില്‍നിന്ന് ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍?

ഇന്ത്യ ഇന്ന് നേരിടുന്ന ഭീകരവാദഭീഷണികളുടെയെല്ലാം മൂലകാരണം പാക്കിസ്ഥാനാണെന്ന വാദം മുഖവിലയ്ക്കെടുത്താല്‍കൂടി സൈന്യത്തെയുപയോഗിച്ച് അവിടെയൊരു അധിനിവേശം നടത്തി‍ പിഴുതുമാറ്റാവുന്നതാണോ‍ അവിടെയുണ്ടെന്ന് നാം വിശ്വസിക്കുന്ന തീവ്രവാദത്തിന്റെ വേരുകള്‍? അങ്ങനെയെങ്കില്‍ അഫ്ഘാനിസ്ഥാനിലെ താലിബാന്‍ ഭീകരത ഇതിനോടകം തുടച്ചുമാറ്റപ്പെടേണ്ടതായിരുന്നില്ലേ? മനുഷ്യരെ ഭീകരവാദികളാക്കിത്തീര്‍ക്കുന്ന സാമൂഹ്യ-രാഷ്ട്രീയസാഹചര്യങ്ങളെ കണക്കിലെടുക്കാതെ, ഇഞ്ചോടിഞ്ച് ഇന്റലിജന്‍സ് ശക്തിപ്പെടുത്തിയതുകൊണ്ടും അത്യന്താധുനിക ആയുധങ്ങള്‍ ഇറക്കുമതി ചെയ്തതുകൊണ്ടും ഏറ്റവും നൂതനമായ സുരക്ഷാക്രമീകരണങ്ങള്‍ വികസിപ്പിച്ചെടുത്തതുകൊണ്ടും മാത്രം ഉന്മൂലനം ചെയ്യാനാവുന്നതാണോ ഭീകരത? രാജ്യസുരക്ഷയെ മുന്‍ നിര്‍ത്തി പൌരാവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും ചില വിട്ടുവീഴ്ച‍കള്‍ ചെയ്യേണ്ടിവരുമെന്ന അധികാരികളുടെ അറിയിപ്പ് ആവേശപൂര്‍വം ഏറ്റെടുക്കുന്നവരെല്ലാം വംശീയവും വര്‍ഗീയവുമായ കാരണങ്ങളാലാണെങ്കില്‍കൂടി തങ്ങളുടെ പൌരാവകാശങ്ങളും സ്വാതന്ത്ര്യവും സുരക്ഷിതമായിരിക്കും എന്നു വിശ്വസിക്കുന്നവരാണ്. കേവലം ഒരു മുസ്ലിം നാമം ഉണ്ടായതുകൂണ്ട് മാത്രം സമൂ‍ഹത്തിന്റെയും നിയമത്തിന്റെയും സംശയദൃഷ്ടിയില്‍ കഴിയേണ്ടിവരുന്ന ഒരുപറ്റം ഇന്ത്യക്കാരെ ഇത്തരം വാദങ്ങള്‍ പരീഗണിക്കുന്നേയില്ല. അവരുടെ പ്രശ്നങ്ങള്‍ അവരുടെ കര്‍മഫലമാണെന്ന മട്ടില്‍ ഒരു മതേതരഇന്ത്യയ്ക്ക് കൈകഴുകി മാറിനില്‍ക്കാനാവുമോ? ഇത്തരം പ്രശ്നങ്ങളെയൊന്നും അഭിസംബോധന ചെയ്യാതെ രാഷ്ട്രീയക്കാര്‍ ഭരിച്ച് മുടിച്ചില്ലേ, ഇനി കുറെനാള്‍ പട്ടാളം ഭരിക്കട്ടെ എന്ന് ഇത്രയെളുപ്പത്തില്‍ ആവേശം കൊള്ളാന്‍ തങ്ങള്‍ക്ക് പുറത്തേക്ക് നീളുന്ന ഒരു രാഷ്ട്രീയത്തിലും വിശ്വാസമില്ലാത്ത മധ്യ-ഉപരിവര്‍ഗമനസ്സുകളുടെ സ്വാര്‍ത്ഥപ്രേരിതം മാത്രമായ സുരക്ഷിതത്വബോധത്തിനേ കഴിയൂ.

മാധ്യമലോകം സംവിധാനം ചെയ്തവതരിപ്പിച്ചുവരുന്ന ഇത്തരം പൊറാട്ടുനാടകങ്ങളെ വികാരവിജൃംഭിതരായി ഏറ്റെടുക്കുന്ന ഇന്ത്യന്‍ യുവത്വം‍, രാഷ്ട്രീയമെന്ന വിശാലസംജ്ഞയെപ്പോലും ശത്രുപക്ഷത്ത്‌ പ്രതിഷ്ഠിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഇവര്‍ ആരുടെ അജണ്ട നടപ്പിലാക്കാനാണ്‌ അഹോരാത്രം പണിപ്പെടുന്നതെന്ന് ചിന്തിക്കേണ്ടതുണ്ട്. സര്‍വശക്തനായ ഒരു വീരനായകനെ മുന്‍ നിര്‍ത്തി ഉപരി-മധ്യവര്‍ഗങ്ങളും അവരുടെ ജിഹ്വകളും‍ മുന്നോട്ട്‌വെക്കുന്ന വീരാരാധനയുടെ രാഷ്ട്രീയത്തിന്‌ ഒരൊറ്റ മുഖമേയുള്ളൂ, അത്‌ അവര്‍ക്ക് എന്നും പഥ്യമായിരുന്ന ഫാസിസത്തിന്റേതാണ്‌. കൂടുതല്‍ സമ്പത്തുള്ളവര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ എന്നതാണ് അതിന്റെ സമൂഹ്യനീതി. ഇന്ത്യന്‍സമൂഹത്തിലെ ബഹുഭൂരിപക്ഷമായ അടിസ്ഥാനവര്‍ഗമെങ്കിലും ഇത് തിരിച്ചറിഞ്ഞ് ഉണരേണ്ടിയിരിക്കുന്നു.

Friday, November 14, 2008

ഭരണകൂടവും ഭീകരതയും

ലോകത്തിലെ മിക്കവാറും എല്ലാ ഭരണകൂടങ്ങളും തങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ഇന്ന് ഉയര്‍ത്തിക്കാണിക്കുന്നത്‌ ഭീകരതയെയാണ്‌. എന്താണീ ഭീകരത? ആരാണ്‌ ഇതിന്റെ പ്രയോക്താക്കള്‍? ഇതിന്റെ വേരുകള്‍ തേടിയുള്ള അന്വേഷണം എവിടെനിന്നാണ്‌ തുടങ്ങേണ്ടത്‌?

ഒരു സമൂഹത്തിന്റെ ജീവനും സ്വത്തിനും അവകാശങ്ങള്‍ക്കും മേല്‍ അക്രമങ്ങള്‍കൊണ്ട്‌ അധിനിവേശം നടത്തുന്ന അനിശ്ചിതാവസ്ഥയാണ്‌ ഭീകരത. ജനാധിപത്യസമൂഹങ്ങളിലാണ്‌ ഭീകരവാദപ്രസ്ഥാനങ്ങള്‍ക്ക്‌ പെട്ടെന്ന് വേരോട്ടുവാന്‍ കഴിയുന്നത്‌ എന്നത്‌ കൌതുകമുളവാക്കുന്ന ഒരു വസ്തുതയാണ്‌. ഒരു മതത്തിലോ പ്രത്യയശാസ്ത്രത്തിലോ കേന്ദ്രീകരിച്ചു നിലനില്‍ക്കുന്ന ഏകാധിപത്യ രാജ്യങ്ങളിലൊന്നും ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക്‌ അത്ര എളുപ്പത്തില്‍ ചെന്നെത്താനാവാറില്ല.(കെട്ടിലും മട്ടിലും ഏത് ഭീകരസംഘടനയേയും വെല്ലുന്ന ഭരണകൂടങ്ങള്‍ ഉള്ളപ്പോള്‍ പിന്നെ വേറൊരു ഭീകര സംഘടനയ്ക്ക് എവിടെ സാധ്യത..!) നിലനില്‍ക്കുന്ന ജനാധിപത്യഘടന അനുവദിക്കുന്ന പഴുതുകളിലൂടെ കടന്നുകയറുന്ന പല സാമൂഹ്യവിപത്തുകളില്‍ ഒന്നാണ്‌ ഭീകരത എന്ന നിഗമനത്തിലേക്കാണ്‌ ഇത്‌ നമ്മെ കൊണ്ടെത്തിക്കുന്നത്‌.

നീതി നിഷേധിക്കപ്പെട്ടുവെന്ന് തെറ്റായോ ശരിയായോ വിശ്വസിക്കുന്ന ഒരു വിഭാഗത്തില്‍ നിന്ന് ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങളെയാണ് ഭരണകൂടം അതിന്റെ വിവേചനാധികാരം ഉപയോഗിച്ച് ഭീകരവാദമെന്ന് നിര്‍വചിക്കുന്നത്. അതുകൊണ്ടു തന്നെയാവണം ഇത്തരം നിര്‍വചനങ്ങള്‍‍ക്ക് പലപ്പൊഴും സ്ഥിരത എന്ന ഗുണം ഇല്ലാതെ പോകുന്നതും. ഒരേകാരണങ്ങളാല്‍ ഉയര്‍ന്നു വരുന്ന രണ്ട് കലാപങ്ങളില്‍ ഒന്ന് തീവ്രവാദമായും മറ്റേത് ‘സ്വാഭാവിക പ്രതികരണ‘മായും ഗണിക്കപ്പെടുന്നതിനും കാരണം മറ്റൊന്നല്ല.

അഖണ്ഡമായ സ്വത്വബോധവും വിശാലമായ രാഷ്ട്രീയ ബോധവുമുള്ള ഏതൊരു ജനതയും തങ്ങളുടെ ഭരണകൂടവുമായി ധനാത്മകമായി കലഹിക്കയും അതിനുമേല്‍ തങ്ങളുടെ തിരുത്തല്‍ശക്തിയെ സ്ഥാപിച്ചെടുക്കാന്‍ നിരന്തരം ശ്രമിക്കുകയും ചെയ്യും. അതുകൊണ്ട്തന്നെ അധികാരകേന്ദ്രീകൃതമായ ഭരണകൂടത്തിന്റെ രാഷ്ട്രീയത്തിന്‌ അത്തരമൊരു സ്വത്വബോധത്തിന്റെയോ രാഷ്ട്രീയബോധത്തിന്റെയോ രൂപീകരണത്തെ പ്രോത്സാഹിപ്പിക്കാനാവില്ല. ഭരിക്കപ്പെടുന്നവരുടെ സഞ്ചിതബോധത്തെ ജാതി, മതം, ഭാഷ, വര്‍ഗം, ദേശം തുടങ്ങിയ കുടുസ്സുകളിലേക്ക് ചുരുക്കിയെടുക്കുക എന്നത് അവരുടെ ഒരു ആവശ്യമാവുന്നത് അങ്ങനെയാണ്.

തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു എന്ന തോന്നല്‍ ഒരു സമൂഹത്തിന്റെ മനസ്സാക്ഷിയിലേക്ക് കടന്നു കയറുന്ന പ്രക്രിയ സങ്കീര്‍ണമായ ഒന്നാണ്. നമ്മുടേതുപോലുള്ള ഒരു ബഹുസ്വര സമൂഹത്തിലാവുമ്പോള്‍ പ്രത്യേകിച്ചും. ഇവിടെ ഭരണകൂടത്തിന് നിവര്‍ത്തിക്കാനുള്ളത് നിഷ്പക്ഷമായ ചില ഇടപടലുകളാണ്. നമ്മുടെ ഭരണകൂടം ഇതില്‍ നിരന്തരം പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് കേവലമായ ഒരു ഭരണപരാജയം മാത്രമായി നിസ്സാരവത്കരിക്കാനാവില്ല. ഒരു വിഭാഗത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങളെ നിഷേധിക്കുകയും തത്ഫലമായുണ്ടാവുന്ന പ്രതിഷേധങ്ങളെ അവഗണിക്കുകയും ചെയ്യുന്നതിലൂടെ അവരെ സമൂഹമനസ്സാക്ഷിയില്‍ നിന്ന് ഒറ്റപ്പെടുത്തുക എന്നത് ജനാധിപത്യവ്യവസ്ഥിതിയിലൂടെ നിലവില്‍വരുന്ന ഒരു ഭരണകൂടത്തിനും ഭൂഷണമല്ല.നിലവിലുള്ള ഭരണവ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ട് അനാഥത്വം അനുഭവിച്ച് കഴിയുന്ന അത്തരം മനുഷ്യരില്‍നിന്ന് ഉയര്‍ന്നുവരുന്ന ചെറുത്ത് നില്‍പ്പുകള്‍ ദിശാബോധം നഷ്ടപ്പെട്ട് ക്രമേണ വിഘടനവാദമോ വിധ്വംസകപ്രവര്‍ത്തനങ്ങളോ ആയി അധപതിച്ചാല്‍ അതിനുത്തരവാദി ആരാണ്? ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന കലാപങ്ങള്‍ക്കും, വിഘടനവാദത്തിനും മേല്പറഞ്ഞപോലൊരു പശ്ചാത്തലം ഉണ്ടെന്നിരിക്കെ അവിടെ ഇന്ന് നിലനില്‍ക്കുന്ന അരാജകത്വത്തിന്റെ ഉത്തരവാദിത്വം ഉള്‍ഫ പോലുള്ള സംഘടനകള്‍ക്ക് മാത്രമാവുന്നതെങ്ങനെ?


ഭരണകൂടത്തിന്റെ മൌനാനുവാദത്തോടുകൂടി തകര്‍ക്കപ്പെട്ട ബാബരിമസ്ജിദ് എന്ന മുസ്ലിം ആരാധനാലയം മറ്റൊരു ഉദാഹരണമാണ്. ഇന്ത്യന്‍ ദേശീയതാസങ്കല്‍പ്പത്തിന് ഏറ്റ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായ ഈ സംഭവം ഇന്ത്യന്‍ ഭരണകൂടമോ ഭരണഘടനയോ തങ്ങള്‍ക്ക് നീതിനല്‍കാന്‍ പര്യാപ്തമല്ല എന്ന തോന്നല്‍ ഇവിടുത്തെ മുസ്ലിംജനതയില്‍ ഉണ്ടാക്കിയെങ്കില്‍ ആരാണ് അതിന് ഉത്തരവാദി? ഇന്ന് ഇന്ത്യയിലെ നാനാഭാഗത്തുനിന്നും മുസ്ലിംചെറുപ്പക്കാരെ ഭീകരപ്രവര്‍ത്തനമാരോപിച്ച് അറസ്റ്റ് ചെയ്യുന്ന സര്‍ക്കാര്‍ തന്നെയല്ലേ ആഗോളമുസ്ലിം തീവ്രവാദസംഘടനകളില്‍നിന്ന് ഇവരിലേക്കുള്ള പാലം പണിഞ്ഞത്? കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ വിവിധന്യൂനപക്ഷവിഭാഗങ്ങളെ ലക്ഷ്യം വെച്ചുകൊണ്ട് നടക്കുന്ന ആക്രമങ്ങളും നരഹത്യയുമൊന്നും ഇനിയും നമ്മുടെ ഭരണകൂടത്തിന്റെ ഭീകരവാദനിര്‍വചനത്തിന്റെ പരിധിയില്‍ വന്നിട്ടില്ല. വംശശുദ്ധീകരണം എന്ന കുടിലആശയം പരസ്യമായി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നരഹത്യ നടത്തുന്ന സംഘടനകളെ നിരോധിക്കുന്നതിലേക്കുള്ള അഭിപ്രായസ്വരൂപണത്തിന് നമ്മുടെ മുഖ്യധാരാരാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കൊന്നുംതന്നെ ഇനിയും സമയം ലഭിച്ചിട്ടില്ല. എന്നിട്ടും അവര്‍ ഒരേസ്വരത്തില്‍ പറയുന്നു രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി മുസ്ലിംതീവ്രവാദമാണെന്ന്.

ഒരു ജനത അതിന്റെ അതിജീവനവുമായി ബന്ധപ്പെടുത്തി നടത്തുന്ന ചെറുത്തുനില്‍പുകളൊക്കെത്തന്നെയും ഭരണകൂടങ്ങളെ സംബന്ധിച്ചേടത്തോളം രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങളാണ്‌. സ്വാതന്ത്യസമരങ്ങള്‍ അധിനിവേശശക്തികള്‍ക്കും തൊഴിലാളിസമരങ്ങള്‍ മൂലധനകേന്ദ്രീകൃത അധികാരവ്യവസ്ഥകള്‍ക്കും രാജ്യദ്രോഹപരമായി അനുഭവപ്പെടുന്നതും മറ്റൊന്നുകൊണ്ടല്ല. എന്നിരുന്നാലും ഇത്തരം ഹിംസാത്മകമോ അല്ലാത്തതോ ആയ സമരങ്ങളൊക്കെത്തന്നെയും അതാതുസമൂഹങ്ങളുടെ വികാസചരിത്രത്തിലെ ചാലകശക്തികളായി പ്രവര്‍ത്തിച്ചിരുന്നു. അതിനുകാരണം അധികാരവുമായി കലഹത്തിലേര്‍പ്പെട്ടിരുന്നത്‌ രാഷ്ട്രീയബോധവും ജനാധിപത്യവിശ്വാസവുമുള്ള ജനതകളായിരുന്നു എന്നതാണ്‌. എന്നാല്‍ തീവ്രവാദസംഘങ്ങള്‍ മേല്പറഞ്ഞ കാരണങ്ങളില്‍നിന്നുണ്ടായവയാകാമെങ്കിലും അവയൊന്നും സമൂഹവുമായി സൃഷ്ടിപരമായി പ്രതിപ്രവര്‍ത്തിക്കുന്നില്ല. അതിനു കാരണം അവ പലപ്പോഴും ദേശ-വര്‍ഗ-ജാതി-മത-ഭാഷാ സ്വത്വങ്ങളില്‍നിന്ന് കൃത്രിമമായി ഉല്പാദിപ്പിക്കപ്പെടുന്നവയാണ് എന്നതാണ്. രാജ് താക്കറേയുടെ മറാഠി മണ്ണിന്റെമക്കള്‍വാദവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉല്‍ഫ പോലുള്ള സംഘടനകള്‍ ഉല്പാദിപ്പിക്കുന്ന വംശ-വര്‍ഗ വികാരങ്ങളും എസ് എന്‍ ഡി പി, എന്‍ എസ് എസ് തുടങ്ങിയ എണ്ണമറ്റ സംഘടനകള്‍ ഉറപ്പിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന ജാതിബോധവും പേരെടുത്ത് പറയേണ്ടാത്തത്ര പ്രചാരത്തിലായിക്കഴിഞ്ഞ മതമൌലികവാദ സംഘടനകള്‍ മുന്നോട്ട് വെക്കുന്ന മതാധിഷ്ഠിത സ്വത്വബോധവും ലിപിയുള്ളവയും അല്ലാത്തവയുമായ ഭാഷകള്‍ കേന്ദ്രീകരിച്ചുള്ള വിഘടനവാദവും ഇതിന്റെ ഉദാഹരണങ്ങളാവുന്നത് ഇത് ഉയര്‍ത്തുന്നവരുടെ രാഷ്ട്രീയാപചയങ്ങളിലൂടെയാണ്. (ഇവയോരോന്നിനെക്കുറിച്ചുമുള്ള വിശദീകരണങ്ങള്‍ ഓരോ സ്വതന്ത്രപോസ്റ്റിനോളം വലിപ്പം ആവശ്യപ്പെടുന്നത് കൊണ്ടും ഇവയെ ഒന്നൊന്നായെടുത്ത് വിശകലനംചെയ്യുന്ന ധാരാളം പോസ്റ്റുകള്‍ ബൂലോകത്ത് ഇതിനോടകം വന്നുകഴിഞ്ഞതിനാലും അതിനു ശ്രമിക്കുന്നില്ല.)

എക്കാലത്തും അധികാരകേന്ദ്രങ്ങള്‍ ഭരണസൌകര്യത്തിനായി അനുവര്‍ത്തിച്ചുവരുന്ന തന്ത്രമാണ് ഭരിക്കപ്പെടുന്നവരുടെ സ്വത്വബോധത്തെ കുറെ ശിഥിലശകലങ്ങളിലേക്ക് ചിതറിച്ചെടുക്കുക എന്നത്. അരാഷ്ട്രീയതയിലും സ്ഥാപിതതാത്പര്യങ്ങളിലും കുളിച്ച്നില്‍ക്കുന്ന നേതൃത്വങ്ങള്‍ക്ക് പിന്നില്‍ സ്വരുക്കൂട്ടപ്പെടുന്ന ഇത്തരംകൂട്ടങ്ങള്‍ എളുപ്പത്തില്‍ വിലയ്ക്കെടുക്കപ്പെടാവുന്നവയാണെന്ന് കോര്‍പ്പറേറ്റ് മൂലധനകേന്ദ്രീകൃതമായ അധികാരവ്യവസ്ഥക്കറിയാം. അതുകൊണ്ട്തന്നെ അവര്‍ ഇത്തരം ശകലങ്ങളുടെ രൂപീകരണത്തെ കണ്ടില്ലെന്നുനടിക്കുകയും പരോക്ഷമായി സഹായിക്കുകയും ചെയ്യുന്നു. മൂലധനശക്തികളുടെ ചൊല്പടിക്ക് നില്‍ക്കുന്നിടത്തോളംകാലം ഇവരൊന്നും ഒരു ഭരണകൂടത്തിനും തീവ്രവാദ മൌലികവാദസംഘടനകളാവുന്നില്ല. അല്ലാതെ വരുമ്പൊഴോ അവരെ ഒറ്റപ്പെടുത്തി അടിച്ചമര്‍ത്തുവാന്‍ ഇതേഭരണകൂടത്തിന് ചിലവാകുന്നത് കേവലം ഒരു പ്രഖ്യാപനം മാത്രം. അതിന്റെ പ്രചാരവേലയ്ക്കായി അവര്‍ക്ക് മുന്നിലുള്ളതോ മുഴുവന്‍ സര്‍ക്കാര്‍സംവിധാനങ്ങളും.


അകാലിദളിന്റെ കൊടിക്കീഴില്‍ ഒറ്റക്കെട്ടായി നിന്ന പഞ്ചാബി ജനതയിലേയ്ക്ക് കോണ്‍ഗ്രസ്സിന്റെ വേരുകള്‍ കൊണ്ടെത്തിക്കാന്‍ ഇന്ദിരാജി കണ്ടെത്തിയ കുറുക്കുവഴി ആയിരുന്നല്ലൊ ഭിന്ദ്രന്‍. ഒടുവില്‍ പുരയ്ക്കുമേല്‍ വീഴുമെന്നായപ്പോള്‍ ഭിന്ദ്രന്‍ വാലയെന്ന പഴയ തണല്‍മരം വിഷവൃക്ഷമായി പ്രഖ്യാപിക്കപ്പെട്ടു. ഉഗ്രവാദികളെ അടിച്ചമര്‍ത്താനായി ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍ നടത്തിയ ഇന്ദിര ഉരുക്കുവനിതയെന്ന തന്റെ വിളിപ്പേര്‍ ഒരിക്കല്‍കൂടി ഉറപ്പിച്ചു.കമ്യൂണിസ്റ്റ് റഷ്യയെ തകര്‍ക്കാനായി അമേരിക്ക വളര്‍ത്തിക്കൊണ്ടുവന്ന ബിന്‍ ലാദന്‍ ഒടുവില്‍ തായ്തടിയെക്കാള്‍ വളര്‍ന്ന ഇത്തിളായ് മാറിയത് അമേരിക്കയുടെ തന്നെ നയങ്ങളെ ഉപയോ‍ഗിച്ചായിരുന്നു. സാമ്രാജ്യത്വവിരുദ്ധസമരങ്ങളുടെ നായകന്‍ എന്ന വിളിപ്പേര്‍വരെ സ്വന്തമാക്കിയിരുന്നല്ലൊ ഇടക്കാലത്ത് ലാദന്‍. ലാദനെയും താലിബാനെയും തകര്‍ക്കാന്‍ തക്കംപാര്‍ത്തിരുന്ന അമേരിക്കയ്ക്ക് വീണുകിട്ടിയ ന്യായമായി സെപ്തംബര്‍ പതിനൊന്ന്. ഭീകരതയ്ക്കെതിരേയുള്ള യുദ്ധത്തിനു നാന്ദികുറിക്കാനുള്ള അവസരവും അങ്ങനെ ലോകത്തെ ഏറ്റവും ഭീകരരാഷ്ട്രമായ അമേരിക്കയ്ക്ക് സ്വന്തം..!


രാമജന്മഭൂമിയിലേയ്ക്ക് അദ്വാനിനടത്തിയ രഥയാത്രയുടേയും, രാജ്യത്തെമ്പാടുനിന്നും വണ്ടിയിലും, തീവണ്ടിയിലും കാല്‍നടയായും എത്തിച്ചേര്‍ന്ന കര്‍സേവകര്‍ ചേര്‍ന്ന് ഒരു അനുഷ്ഠാനകലയുടെ കൃത്യതയും ചിട്ടവട്ടങ്ങളുമൊപ്പിച്ച് ചെയ്ത് തീര്‍ത്ത പള്ളിപൊളിക്കലിന്റെയും കഥകള്‍ നമുക്ക് അറിവുള്ളതാണ്.പക്ഷേ ഇന്നു നാമനുഭവിക്കുന്ന സാമ്പത്തികമാന്ദ്യമടക്കമുള്ള പല പ്രശ്നങ്ങളുടെയും മൂലകാരണമായി കാണാവുന്ന ഗാട്ട്കരാര്‍ സംബന്ധിച്ച് അന്ന് രാജ്യത്താകമാനം ഉയര്‍ന്നുവന്ന ചര്‍ച്ചകളും പ്രതിഷേധങ്ങളുമായി അതിനുള്ള ബന്ധം ഏറെയൊന്നും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തിന്റെ സ്വയംഭരണാവകാശം പണയംവയ്ക്കാന്‍ പോന്ന ഒരു കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എത്ര നിസ്സാരമായി വഴിമാറ്റപ്പെട്ടു.അതിനു കൊടുക്കേണ്ടിവന്ന വിലയാണ് ഇന്ന് നാം വിലപിക്കുന്ന തീവ്രവാദശല്യങ്ങള്‍.

ഭരണകൂടഭീകരത ഒരാഗോളപ്രതിഭാസമായി മാറിക്കഴിഞ്ഞിരിക്കുന്നു. അതിന്റെ ഒരു ഉപോല്പന്നം മാത്രമായ ഭീകരതയെ ഭരണകൂടം തരംപോലെ വളര്‍ത്തുകയും തളര്‍ത്തുകയും ചെയ്യുന്നു. രാഷ്ട്രീയം എന്ന വിശാലസംജ്ഞയ്ക്ക് പുറത്തുനിന്നുകൊണ്ട് ഇത്തരം അസംബന്ധനാടകങ്ങളെ സംവിധാനംചെയ്തവതരിപ്പിക്കുന്ന മൂലധനശക്തികളാവട്ടെ ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാര്‍ എന്നൊക്കെ അതികാല്‍പ്പനികത കലര്‍ന്ന ഭാഷയില്‍ അധികാരം അഭിസംബോധനചെയ്യുന്ന ‘ജന’ത്തിന് എന്നും അതാ‍ര്യരായ് തുടരുന്നു. നീക്കുപോക്ക്, അടവുനയം തുടങ്ങിയ ഓമനപ്പേരുകളില്‍ സമകാലിക രാഷ്ട്രീയത്തില്‍ ഇന്ന് പ്രബലമായിക്കഴിഞ്ഞ ലേലംവിളികളും വിലയ്ക്കെടുക്കലുകളും ഒക്കെ ആവേശപൂര്‍വ്വം ഏറ്റെടുക്കാനും തങ്ങളുടെ വിജയമായി തെരുവില്‍ ആഘോഷിക്കാനും ഇന്നും ഇന്ത്യയില്‍ ആളെക്കിട്ടുന്നു എന്നത് സൂചിപ്പിക്കുന്നത് ഇതുതന്നെ.

മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ കോര്‍പ്പറേറ്റ് മൂലധനകേന്ദ്രീകൃതമായ അധികാരവ്യവസ്ഥയുടെ സന്തതിയും സഹചാരിയുമാണ് വര്‍ഗീയ-മൌലിക-തീവ്ര-ഭീകരവാദപ്രസ്ഥാനങ്ങള്‍. അത്തരം ഒരു അധികാരവ്യവസ്ഥയുമായി കണക്കുതീര്‍ത്തുകൊണ്ടല്ലാതെ ഈ വിപത്തുകളെ ചെറുക്കുക എന്നത് അസാധ്യമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെകാലത്തെ ഇന്ത്യയിലെ രാഷ്ട്രീയപരീക്ഷണങ്ങള്‍ ഇതിനെ ശരിവെക്കുന്നുമുണ്ട്. കേവലമായ വര്‍ഗീയത-ഭീകരവിരുദ്ധമുന്നേറ്റങ്ങള്‍ പലപ്പോഴും ലക്ഷ്യം കാണാതെ പോവുന്നതും ഈയൊരു രാഷ്ട്രീയമായ തിരിച്ചറിവിന്റെ അഭാവത്താലാണ്. അതുകൊണ്ടുതന്നെ നവലിബറല്‍ ആഗോളീകരണനയങ്ങള്‍ക്കെതിരായ സമരങ്ങളുമായി കണ്ണിചേര്‍ത്തുകൊണ്ടല്ലാതെ ഭീകരതക്കെതിരായ പോരാട്ടങ്ങള്‍ സാര്‍ഥകമാവുകയില്ലതന്നെ.

Thursday, September 11, 2008

അരാഷ്ട്രീയതയുടെ രാഷ്ട്രീയം

ഉത്തരാധുനികസമൂഹത്തിന്റെ ചിന്താസരണികളെ അടിമുടി ആശയക്കുഴപ്പത്തിലാക്കുന്ന ഇടപെടലുകളില്‍ പ്രഥമഗണനീയമാണ് അതിന്റെ രാഷ്ടീയം. രാഷ്ട്രീയാവബോധത്തെ കക്ഷിരാഷ്ട്രീയവുമായി സമീകരിക്കുന്ന പുത്തന്‍ ചിന്താധാരകള്‍ അരാഷ്ട്രീയതയെ നിഷ്പക്ഷതയായി തെറ്റിദ്ധരിക്കുകയും അതിനെ സാഭിമാനം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു. എന്താണീ അരാഷ്ട്രീയത എന്നതും അത് ഒരു സമൂഹത്തിന്റെ വികാസത്തില്‍ താനെ ഉരുത്തിരിഞ്ഞുവരുന്ന ഒരു ഘട്ടമാണോ എന്നതും അഭിസംബോധന ചെയ്യപ്പെടേണ്ടുന്ന പ്രശ്നങ്ങളാണ്. അരാഷ്ട്രീയവല്‍കരിക്കപ്പെട്ട സാമൂ‍ഹ്യമണ്ഡലം ഒരു ജനതയുടെ ചരിത്രത്തില്‍ സ്വയംഭൂവാവുന്നതല്ലെന്നും ബോധപൂര്‍വമുള്ള ഒരു നിര്‍മാണപ്രക്രിയയുടെ ഉല്പന്നമാണ് അതെന്നതും അവഗണിക്കപ്പെടേണ്ടുന്ന വസ്തുതകളല്ല. അരാഷ്ട്രീയമെന്നത് രാഷ്ട്രീയമില്ലാത്ത ഒരു അവസ്ഥയേയല്ല. പ്രയോക്താക്കള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും അതിനു പരോക്ഷമായ ഒരു രാഷ്ട്രീയമുണ്ട്.

കേരളത്തിന്റെ രാഷ്ട്രീയസ്ഥലി ഇന്ന് അതിവേഗം വലതുവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. കോണ്‍ഗ്രസ്സ്‌, ബിജെപി തുടങ്ങിയ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ മാത്രമല്ല, ഇടതു രാഷ്ട്രീയത്തിന്റെ പ്രതിനിധാനാവകാശം പറ്റുന്ന മാര്‍ക്സിസ്റ്റ്‌ സംഘടനകളും, കേരളത്തിന്റെ സാംസ്കാരികാന്തരീക്ഷം ആകമാനവും പ്രത്യേകിച്ച്‌ ഒരു ചെറുത്തുനില്‍പ്പും കൂടാതെ ഈ വ്യാധിക്ക്‌ കീഴടങ്ങുന്നു. ഈയൊരു അന്തരീക്ഷത്തിലാണ്‌ നവോത്ഥാനപ്രസ്ഥാനങ്ങളിലൂടെ നാം അതിജീവിച്ചു എന്ന് വിശ്വസിച്ചിരുന്ന സാമുഹ്യവും, മതപരവുമായ ജീര്‍ണ്ണതകള്‍ പൂര്‍വ്വാധികം ശക്തിയോടെ നമ്മുടെ പൊതുജീവിതത്തിലേയ്ക്കും, ഒരുപക്ഷെ വ്യക്തിജീവിതങ്ങളിലേയ്ക്ക്‌ പോലും കടന്നുകയറി ഇടം ഉറപ്പിക്കുന്നത്‌. സ്ഥാപനവല്‍ക്കരിക്കപ്പെട്ട രാഷ്ട്രീയത്തില്‍ മനം മടുത്തു എന്ന ന്യായം പറഞ്ഞായാലും അരാഷ്ട്രീയമായ ഒരു ഇടത്തിന്റെ പൊതുസമ്മതി തേടിപ്പോകുന്ന പുതിയ സാമൂഹ്യബോധമാവട്ടെ ഒരേസമയം ഇതിന്റെ ഇരകളും വക്താക്കളുമായി വര്‍ത്തിക്കുന്നു.

ജാതിക്കും മതത്തിനും ഇതരമായ ഒരു സാമൂഹ്യജീവിതം ഉണ്ടെന്ന് അഭിമാനിച്ചിരുന്ന മലയാളിസമൂഹം ഇന്ന് അത്തരം മൂല്യങ്ങളിലൊന്നും ഊറ്റം കൊള്ളുന്നില്ലെന്ന് മാത്രമല്ല അവയെ അംഗീകരിക്കുന്നുപോലുമില്ല. നിസ്സാരമായ തര്‍ക്കങ്ങളും കലഹങ്ങളും പോലും വര്‍ഗീയസംഘട്ടനങ്ങളിലേക്ക്‌ എളുപ്പം വളര്‍ത്തിയെടുക്കാവുന്നവിധം മതാത്മകത കേരളത്തിന്റെ പൊതുശരീരത്തില്‍ വേരോടിയിട്ടും അത്‌ തിരിച്ചറിയാനോ ഫലപ്രദമായി ചെറുക്കാനോ വേണ്ട ഇടപെടലുകള്‍ രാഷ്ട്രീയസാംസ്കാരിക മണ്ഡലങ്ങളില്‍നിന്ന് ഉണ്ടാവുന്നില്ല. എന്തുകൊണ്ട്‌? ഇവിടുത്തെ കോര്‍പ്പറേറ്റ്‌ മതസംഘടനകളുടെ സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള ആര്‍ജ്ജവം ഇതേ കോര്‍പ്പറേറ്റ്‌ സ്വഭാവമുള്ള രാഷ്ട്രീയകക്ഷികള്‍ക്ക്‌ ഇല്ലാതാകുന്നത്‌ സ്വാഭാവികം. പക്ഷെ അത്‌ തിരിച്ചറിയാനോ ചോദ്യംചെയ്യാനോ കഴിയാത്തവണ്ണം നമ്മുടെ സമൂഹമനസ്സും അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടത്‌ അത്ര സ്വാഭാവികമായിരുന്നോ?

താന്‍ നിലനില്‍ക്കുന്ന ജൈവപരിസരങ്ങളെക്കുറിച്ചുള്ള ഒരു വ്യക്തിയുടെ സമൂലമായ അവബോധമാണ്‌ അവന്റെ രാഷ്ട്രീയം. അതുകൊണ്ടാണ്‌ അതിന്‌ വ്യക്തി, കുടുംബം, സമുദായം തുടങ്ങിയ കുടുസ്സുകളെയെല്ലാം ഉല്ലംഘിക്കേണ്ടിവരുന്നത്‌. വര്‍ഗ-ലിംഗ-പരിസ്ഥിതിബോധങ്ങളടക്കമുള്ള ഒരുപാടു മേഖലകള്‍ രാഷ്ട്രീയമെന്ന പൊതുസംജ്ഞക്കുകീഴില്‍ ക്രോഡീകരിക്കപ്പെടുന്നുണ്ട്‌. ആ നിലയ്ക്ക്‌ ജീവിച്ചിരിക്കുന്നവയ്ക്കെല്ലാം ഒരു രാഷ്ട്രീയമുണ്ട്‌. എന്നാല്‍ അതിനെ ജൈവവും സുതാര്യവുമായ നിലപാടുകളിലേക്ക്‌ വളര്‍ത്തിയെടുക്കേണ്ടതാവട്ടെ ഓരോ ജീവിതത്തിന്റെയും ബാധ്യതയും. അത്തരമൊരു കര്‍മ്മപഥത്തില്‍ ഒരു ജീവന്‌ വന്നു പെടാവുന്ന ഏറ്റവും വലിയ അപചയത്തെ അതിന്റെ രാഷ്ട്രീയജഡത്വം എന്നു വിളിക്കാം. അതുകൊണ്ടുതന്നെയാണ്‌ വിവേചനബുദ്ധിയാല്‍ അനുഗ്രഹീതമെന്ന് പറയപ്പെടുന്ന മനുഷ്യവംശത്തില്‍ അത്‌ അക്ഷന്തവ്യമായ ഒരു സാമൂഹ്യാപരാധമാവുന്നത്‌. അരാഷ്ട്രീയവാദികളായ മനുഷ്യരാവട്ടെ അതിനെ പലപ്പോഴും ഇത്തരത്തില്‍ തിരിച്ചറിയുന്നില്ല. കക്ഷിരാഷ്ട്രീയത്തിന്റെ മലക്കം മറിച്ചിലുകള്‍ക്കെതിരെയുള്ള സ്വാഭാവികമായ പ്രതികരണങ്ങള്‍ പലപ്പോഴും ചെന്നുപെടുന്നത്‌ അരാഷ്ട്രീയമായ ചില ചതുപ്പുകളിലേക്കാണ്‌. വ്യക്തിപരമായ അവന്റെ ചെറുത്തുനില്‍പ്പുകള്‍ക്ക്‌ ചവിട്ടിനില്‍ക്കാന്‍ ഉറപ്പുള്ളൊരു സാമൂഹ്യനിലപാടിന്റെ തറ ഇല്ലാതെപോകയാല്‍ ഓരോകുതറലും അവനെ ആ ചതുപ്പിലേക്ക്‌ തന്നെ വീണ്ടും വീണ്ടും ആഴ്ത്തിക്കളയുന്നു. കുതറുംതോറും കുരുങ്ങുന്ന ഇരയുടേതായ ഈ വിധിയാണ്‌ സ്വതവേ സങ്കീര്‍ണമായ ഈ വിഷയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്‌. അധികാരകേന്ദ്രങ്ങള്‍ വ്യക്തിക്ക്‌ കല്‍പിച്ച്‌ കൊടുക്കുന്ന പൊളിറ്റിക്കലോ അപൊളിറ്റിക്കലോ ആയ ചാര്‍ത്തുകള്‍ക്കപ്പുറത്ത്‌ വ്യക്തമായ പൊതുരാഷ്ട്രീയനിലപാടുകള്‍ ഉരുത്തിഞ്ഞ്‌ വരേണ്ടതിന്റെ അനിവാര്യതയിലേക്കാണ്‌ ഇത്‌ വിരല്‍ ചൂണ്ടുന്നത്‌.

ഉത്തരാധുനികകാലത്തെ അധികാരത്തിന്റെ രാഷ്ട്രീയം പല ഭാഷ്യങ്ങളിലായി പ്രചരിപ്പിക്കുന്ന വലതുപക്ഷവ്യതിയാനങ്ങള്‍ അതിന്റെ ഊര്‍ജ്ജം കണ്ടെത്തുന്നത്‌ സമൂഹമനസ്സാക്ഷിയില്‍ അടിഞ്ഞ്‌കൂടിയ അരാഷ്ട്രീയവളക്കുഴികളില്‍നിന്നാണ്‌. നിഷ്പക്ഷമായ, രാഷ്ട്രീയമില്ലാത്ത വ്യക്തിത്വങ്ങളെ സ്വയംഭരണാവകാശമുള്ള ഒരു ഫാക്ടറിയില്‍നിന്നെന്നപോലെ നമ്മുടെ പൊതുസമൂഹത്തില്‍നിന്നും അധികാരസ്ഥാപനങ്ങള്‍ ഉല്‍പാദിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇതിന്റെ ഉല്‍പന്നങ്ങളാവട്ടെ തങ്ങളെ അണിയിച്ചുവിട്ട പൊള്ളവ്യക്തിത്വങ്ങളെ സ്വീകാര്യതയുടെയും സമ്മതിയുടെയും പ്രതീകങ്ങളായി അഭിമാനപൂര്‍വം അണിഞ്ഞുനടക്കുകയും ചെയ്യുന്നു. അതിനവര്‍ക്ക്‌ കാരണങ്ങളുണ്ട്‌; നിരത്താന്‍ സ്ഥിതിവിവര കണക്കുകളോടു കൂടിയ തെളിവുകളുണ്ട്‌. അവര്‍ എതിര്‍ക്കുന്നുവെന്ന് കരുതുന്ന രാഷ്ട്രീയജീര്‍ണ്ണതകള്‍ അവരില്‍നിന്ന് പ്രതീക്ഷിക്കുന്നതും അതുതന്നെ.

വ്യക്തികളുടെ അരാഷ്ട്രീയവല്‍കരണത്തിനായി അധികാരം ആസൂത്രണംചെയ്തു നടപ്പിലാക്കുന്ന പദ്ധതികള്‍ പലതാണ്‌. മനുഷ്യന്റെ വര്‍ഗബോധത്തെ ജാതി-മത-ലിംഗാടിസ്ഥാനത്തില്‍ വിഭജിക്കുന്ന അവര്‍ വീണ്ടുമതിനെ ഉപരി,മധ്യ,ദളിത്‌ ആദിയായ ധാരകളിലേക്ക്‌ ചുരുക്കിയെടുക്കുന്നു. അങ്ങനെ പരിസ്ഥിതി ആതിരപ്പള്ളിയിലേക്കും ഭൂപ്രശ്നം ചെങ്ങറയിലേക്കും ചുരുങ്ങുന്നു. ആനുപാതികമായ ജനസംഖ്യാവര്‍ധനവ്‌ ക്രിസ്തുമതവിശ്വാസികളുടെ അടിയന്തിരപ്രശ്നമാവുന്നു. മതപരിവര്‍ത്തനം മൂലം ചോര്‍ന്നുപോവുന്നുവെന്ന് പറയപ്പെടുന്ന അംഗബലം ഹിന്ദുക്കളുടെ നിലനില്‍പിനുതന്നെ ഭീഷണിയാവുന്നു! നാടിന്റെ മുഖ്യധാരയില്‍നിന്നും അന്യവല്‍ക്കരിക്കപ്പെടുന്നു എന്ന ബോധം ഉല്‍പാദിപ്പിച്ചുകൊണ്ട്‌ തീവ്രവാദവ്യവസായം തഴയ്ക്കുന്നു. ന്യൂനപക്ഷത്തില്‍പെട്ട ഓരോ മനുഷ്യനും ഭൂരിപക്ഷസമുദായത്തിന്‌ ഭീഷണിയായി ചിത്രീകരിക്കപ്പെടുന്നു. വിയര്‍പ്പുനാറുന്ന ദളിതന്‍ ഉപരി-മധ്യ വര്‍ഗങ്ങള്‍ക്ക്‌ ശുചിത്വപ്രശ്നങ്ങളുണ്ടാക്കുന്നു. നിലമുഴുന്നവനും തെങ്ങുകയറ്റത്തൊഴിലാളിയുമടക്കമുള്ള അടിസ്ഥാനവര്‍ഗ്ഗങ്ങള്‍ തങ്ങള്‍ക്കും മാന്യമായ ഒരു സാമൂഹ്യജീവിതത്തിനു അവകാശമുണ്ടെന്ന് തിരിച്ചറിഞ്ഞ് അര്‍ഹമായ‍ വേതനമാവശ്യപ്പെടുന്നത്പോലും ‍‌ അവരുടെ നെറ്റി ചുളിപ്പിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന സ്ത്രീപീഢനങ്ങള്‍ക്കെതിരെയുള്ള ചെറുത്ത് നില്പുകള്‍ വനിതാകമ്മീഷന്റെയും സ്ത്രീസംഘടനകളുടെയും മാത്രം ഉത്തരവാദിത്തമാവുന്നു. കേവലമായ മുദ്രാവാക്യങ്ങള്‍ക്കപ്പുറത്തേക്ക്‌ ഒരു സമരവും സമഗ്രമല്ലാതാവുന്നു. എല്ലാ ചെറുത്തുനില്‍പ്പുകള്‍ക്കുമേലും പരിഹാസ്യതയുടെ ഒരു പരിവേഷം വന്നുവീഴുന്നു. ജനം സമരങ്ങള്‍ക്ക്‌ എതിരാവുന്നു. സാമൂഹ്യമായ പക്ഷങ്ങളും പ്രതിബദ്ധതകളും ഇട്ടെറിഞ്ഞ്‌ വ്യക്തികള്‍ 'നിഷ്പക്ഷ'രാവുന്നു. ഭരിക്കുന്നവരൊരുക്കുന്ന കെണിയിലേക്ക്‌ ഭരിക്കപ്പെടുന്നവര്‍ അണിയണിയായി വന്നുകയറുന്നതോടെ നാടകത്തിന്റെ ക്ലൈമാക്സും ഗംഭീരം, ശുഭം!!

ഭരണകൂടഭീകരതയ്ക്ക്‌ നിലമൊരുക്കാന്‍ ആദ്യം വേണ്ടത്‌ പൗരബോധത്തെ വരിയുടച്ചെടുക്കുകയാണ്‌. സാമൂഹ്യമായ പ്രതികരണങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ട്‌ ഒറ്റപ്പെട്ട തുരുത്തുകളില്‍ ജീവിക്കുന്ന ഒരു ജനതയിലേ ഫാസിസത്തിന്റെ അനന്തസാധ്യതകള്‍ പരീക്ഷിക്കാനാവൂ എന്ന് അധികാരിവര്‍ഗത്തിനറിയാം. അതുകൊണ്ടുതന്നെ ബാലിശമായ സമരങ്ങളെ പര്‍വതീകരിക്കുന്ന ഭരണ-പ്രതിപക്ഷ കൂട്ടായ്മകള്‍ കാതലായ പ്രശ്നങ്ങളുയര്‍ത്തുന്ന സമരങ്ങളെ തന്ത്രപൂര്‍വം തമസ്കരിക്കുന്നു. മാധ്യമ ഓശാനട്രൂപ്പുകള്‍ അവര്‍ക്കൊത്ത്‌ പാടുന്നു. മതമില്ലാത്ത ജീവന്‍ തെരുവില്‍ കത്തിപ്പടര്‍ന്നപ്പോള്‍ ചോദ്യം ചെയ്യപ്പെടാതെ പോയത്‌ നമ്മുടെ പൊതുവിദ്യാഭ്യാസത്തെത്തന്നെ തകര്‍ക്കുന്ന പുത്തന്‍ വിദ്യാഭ്യാസപരിഷ്കാരങ്ങളാണ്‌. ചെങ്ങറ മാധ്യമങ്ങള്‍ ആഘോഷിക്കുമ്പോള്‍ മേപ്പാടി കേട്ടറിവുകളില്‍ ചുരുങ്ങുന്നു. നാട്ടുസ്വാമികളെ വേട്ടയാടി തിമിര്‍ത്തവര്‍ കോര്‍പ്പറേറ്റ്‌ സ്വാമി(നി) മാര്‍ക്കെതിരെ നാക്കുവളയ്ക്കുമ്പോഴെ പൊള്ളി പിന്മാറുന്നു. 'ചോരച്ചാലുകള്‍ നീന്തിക്കയറിയ'തെന്നു അവകാശപ്പെടുന്ന പ്രസ്ഥാനങ്ങള്‍ പോലും പ്രശ്നാധിഷ്ഠിതമെന്ന വ്യാജേനെ ഉയര്‍ത്തിക്കൊണ്ടുവന്ന സമരങ്ങള്‍ കേവലം പൊതുശ്രദ്ധ തിരിച്ചുവിടാനുള്ള ഉപായങ്ങള്‍ മാത്രമായിരുന്നുവെന്ന വിമര്‍ശനങ്ങളെ ശരിവെച്ചുകൊണ്ട്‌ വഴിയിലുപേക്ഷിച്ച്‌ പിന്മാറുന്നു. മുദ്രാവാക്യം വിളിക്കുന്ന നേരത്ത്‌ നാലു വാഴനട്ടാല്‍ അതാവും മെച്ചമെന്ന് വിപ്ലവാചാര്യര്‍ തന്നെ പ്രസംഗിക്കുന്നു. രാഷ്ട്രീയം കളിച്ച്‌ നേരംകളയാതെ തന്‍കാര്യം നോക്കി നടക്കുന്നവനാണ്‌ മിടുക്കന്‍ എന്ന തത്വം പരക്കെ അംഗീകരിക്കപ്പെടുന്നു. താന്‍ വിതച്ചത്‌ കുലച്ച്‌ മറിയുന്നത്‌ കണ്ട്‌ അധികാരം ഊറിച്ചിരിക്കുന്നത്‌ മാത്രം കാഴ്ചയില്‍ പെടുന്നില്ല. എത്ര വാഴ നട്ടാലും വെട്ടാന്‍ വേറെ ആളുവരുന്ന പഴയ കഥ മറന്നുപോവുന്നു. വിടുപണിയല്ലാത്ത ഒരു തന്‍ കാര്യവും അനുവദിച്ചുതരാതിരുന്ന അധിനിവേശത്തിന്റെ ചരിത്രവും വിസ്മരിക്കപ്പെടുന്നു. അങ്ങനെ നമ്മുടെ രാഷ്ട്രീയമായ ഷണ്ഡീകരണത്തിന്റെ കാര്യകര്‍തൃത്വം നമ്മളെത്തന്നെ ഏല്‍പിച്ച ഭരണകൂടം അതിന്റെ രഹസ്യ അജണ്ടയുടെ പരസ്യവിജയവും നമ്മെക്കൊണ്ട്‌ തന്നെ ആഘോഷിപ്പിക്കുന്നു!

രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും എന്നമട്ടില്‍ നമ്മുടെ അരാഷ്ട്രീയവഴങ്ങിക്കൊടുക്കലുകളെ ഐഛികമാക്കി മാറ്റുകയാണ്‌ ഭരണകൂടം. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന 'പ്രായോഗിക'രാഷ്ട്രീയത്തോട്‌ ഒപ്പം നില്‍ക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നതിനപ്പുറം മറ്റൊരു രാഷ്ട്രീയബോധമില്ല എന്ന അവരുടെ പ്രചാരണങ്ങള്‍ക്ക്‌ ഇത്തരത്തില്‍ വശംവദരാവുന്നതിലൂടെ അറിഞ്ഞോ അറിയാതെയോ നാം ചെന്നു കയറുന്നത്‌ നിഷ്പക്ഷമായ ഒരു സമതുലിതാവസ്ഥയിലേക്കല്ല, മറിച്ച്‌ കനമേറുന്ന ഒരു വലതുതുലാസിലേക്കണ്‌. അതാവട്ടെ കമ്പോളമൂല്യങ്ങള്‍ക്കൊത്ത്‌ പൊങ്ങുകയും താഴുകയും ചെയ്യുന്ന ഒരു സ്റ്റോക്ക്‌ മാര്‍ക്കറ്റും. ക്രൂരമായ മത്സരങ്ങളില്‍ കേന്ദ്രീകൃതമാണ്‌ അതിന്റെ അതിജീവനസിദ്ധാന്തം. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളെക്കുറിച്ച്‌ ചിന്തിക്കാന്‍ പോലും ഊര്‍ജ്ജമോ സമയമോ ഇല്ലാത്തവണ്ണം തിരക്കേറിയതാണ്‌ അതിന്റെ ഷെഡ്യൂള്‍. സാങ്കേതികവും ബൌദ്ധികവുമായി ഏറെ വളര്‍ന്നുകഴിഞ്ഞ നമ്മുടെ യുവത്വം ഇത്തരം ചതിച്ചൊത്തകളെ തിരിച്ചറിഞ്ഞ് തങ്ങളില്‍ ചാര്‍ത്തപ്പെട്ടിരിക്കുന്ന അരാഷ്ട്രീയതയുടെ നിറമില്ലാത്ത കുപ്പായം ഊരിമാറ്റേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ ഓര്‍ക്കുക,

“ഒരു ദിവസം
എന്റെ രാജ്യത്തിലെ
ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍
അരാഷ്ട്രീയ ബുദ്ധിജീവികള്‍
ചോദ്യം ചെയ്യപ്പെടും

ചെറുതും
നേരിയതുമായ
ഒരു ജ്വാല പോലെ
രാജ്യം കത്തിയെരിയുകയായിരുന്നപ്പോള്‍
എന്തു ചെയ്യുകയായിരുന്നു നിങ്ങള്‍
എന്ന് അവര്‍ ചോദ്യം ചെയ്യപ്പെടും”

(ഓട്ടോ റെനെ കാസ്റ്റില്ലോയുടെ വരികള്‍, ഓര്‍മയില്‍നിന്ന്....)