Thursday, September 11, 2008

അരാഷ്ട്രീയതയുടെ രാഷ്ട്രീയം

ഉത്തരാധുനികസമൂഹത്തിന്റെ ചിന്താസരണികളെ അടിമുടി ആശയക്കുഴപ്പത്തിലാക്കുന്ന ഇടപെടലുകളില്‍ പ്രഥമഗണനീയമാണ് അതിന്റെ രാഷ്ടീയം. രാഷ്ട്രീയാവബോധത്തെ കക്ഷിരാഷ്ട്രീയവുമായി സമീകരിക്കുന്ന പുത്തന്‍ ചിന്താധാരകള്‍ അരാഷ്ട്രീയതയെ നിഷ്പക്ഷതയായി തെറ്റിദ്ധരിക്കുകയും അതിനെ സാഭിമാനം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു. എന്താണീ അരാഷ്ട്രീയത എന്നതും അത് ഒരു സമൂഹത്തിന്റെ വികാസത്തില്‍ താനെ ഉരുത്തിരിഞ്ഞുവരുന്ന ഒരു ഘട്ടമാണോ എന്നതും അഭിസംബോധന ചെയ്യപ്പെടേണ്ടുന്ന പ്രശ്നങ്ങളാണ്. അരാഷ്ട്രീയവല്‍കരിക്കപ്പെട്ട സാമൂ‍ഹ്യമണ്ഡലം ഒരു ജനതയുടെ ചരിത്രത്തില്‍ സ്വയംഭൂവാവുന്നതല്ലെന്നും ബോധപൂര്‍വമുള്ള ഒരു നിര്‍മാണപ്രക്രിയയുടെ ഉല്പന്നമാണ് അതെന്നതും അവഗണിക്കപ്പെടേണ്ടുന്ന വസ്തുതകളല്ല. അരാഷ്ട്രീയമെന്നത് രാഷ്ട്രീയമില്ലാത്ത ഒരു അവസ്ഥയേയല്ല. പ്രയോക്താക്കള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും അതിനു പരോക്ഷമായ ഒരു രാഷ്ട്രീയമുണ്ട്.

കേരളത്തിന്റെ രാഷ്ട്രീയസ്ഥലി ഇന്ന് അതിവേഗം വലതുവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. കോണ്‍ഗ്രസ്സ്‌, ബിജെപി തുടങ്ങിയ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ മാത്രമല്ല, ഇടതു രാഷ്ട്രീയത്തിന്റെ പ്രതിനിധാനാവകാശം പറ്റുന്ന മാര്‍ക്സിസ്റ്റ്‌ സംഘടനകളും, കേരളത്തിന്റെ സാംസ്കാരികാന്തരീക്ഷം ആകമാനവും പ്രത്യേകിച്ച്‌ ഒരു ചെറുത്തുനില്‍പ്പും കൂടാതെ ഈ വ്യാധിക്ക്‌ കീഴടങ്ങുന്നു. ഈയൊരു അന്തരീക്ഷത്തിലാണ്‌ നവോത്ഥാനപ്രസ്ഥാനങ്ങളിലൂടെ നാം അതിജീവിച്ചു എന്ന് വിശ്വസിച്ചിരുന്ന സാമുഹ്യവും, മതപരവുമായ ജീര്‍ണ്ണതകള്‍ പൂര്‍വ്വാധികം ശക്തിയോടെ നമ്മുടെ പൊതുജീവിതത്തിലേയ്ക്കും, ഒരുപക്ഷെ വ്യക്തിജീവിതങ്ങളിലേയ്ക്ക്‌ പോലും കടന്നുകയറി ഇടം ഉറപ്പിക്കുന്നത്‌. സ്ഥാപനവല്‍ക്കരിക്കപ്പെട്ട രാഷ്ട്രീയത്തില്‍ മനം മടുത്തു എന്ന ന്യായം പറഞ്ഞായാലും അരാഷ്ട്രീയമായ ഒരു ഇടത്തിന്റെ പൊതുസമ്മതി തേടിപ്പോകുന്ന പുതിയ സാമൂഹ്യബോധമാവട്ടെ ഒരേസമയം ഇതിന്റെ ഇരകളും വക്താക്കളുമായി വര്‍ത്തിക്കുന്നു.

ജാതിക്കും മതത്തിനും ഇതരമായ ഒരു സാമൂഹ്യജീവിതം ഉണ്ടെന്ന് അഭിമാനിച്ചിരുന്ന മലയാളിസമൂഹം ഇന്ന് അത്തരം മൂല്യങ്ങളിലൊന്നും ഊറ്റം കൊള്ളുന്നില്ലെന്ന് മാത്രമല്ല അവയെ അംഗീകരിക്കുന്നുപോലുമില്ല. നിസ്സാരമായ തര്‍ക്കങ്ങളും കലഹങ്ങളും പോലും വര്‍ഗീയസംഘട്ടനങ്ങളിലേക്ക്‌ എളുപ്പം വളര്‍ത്തിയെടുക്കാവുന്നവിധം മതാത്മകത കേരളത്തിന്റെ പൊതുശരീരത്തില്‍ വേരോടിയിട്ടും അത്‌ തിരിച്ചറിയാനോ ഫലപ്രദമായി ചെറുക്കാനോ വേണ്ട ഇടപെടലുകള്‍ രാഷ്ട്രീയസാംസ്കാരിക മണ്ഡലങ്ങളില്‍നിന്ന് ഉണ്ടാവുന്നില്ല. എന്തുകൊണ്ട്‌? ഇവിടുത്തെ കോര്‍പ്പറേറ്റ്‌ മതസംഘടനകളുടെ സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള ആര്‍ജ്ജവം ഇതേ കോര്‍പ്പറേറ്റ്‌ സ്വഭാവമുള്ള രാഷ്ട്രീയകക്ഷികള്‍ക്ക്‌ ഇല്ലാതാകുന്നത്‌ സ്വാഭാവികം. പക്ഷെ അത്‌ തിരിച്ചറിയാനോ ചോദ്യംചെയ്യാനോ കഴിയാത്തവണ്ണം നമ്മുടെ സമൂഹമനസ്സും അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടത്‌ അത്ര സ്വാഭാവികമായിരുന്നോ?

താന്‍ നിലനില്‍ക്കുന്ന ജൈവപരിസരങ്ങളെക്കുറിച്ചുള്ള ഒരു വ്യക്തിയുടെ സമൂലമായ അവബോധമാണ്‌ അവന്റെ രാഷ്ട്രീയം. അതുകൊണ്ടാണ്‌ അതിന്‌ വ്യക്തി, കുടുംബം, സമുദായം തുടങ്ങിയ കുടുസ്സുകളെയെല്ലാം ഉല്ലംഘിക്കേണ്ടിവരുന്നത്‌. വര്‍ഗ-ലിംഗ-പരിസ്ഥിതിബോധങ്ങളടക്കമുള്ള ഒരുപാടു മേഖലകള്‍ രാഷ്ട്രീയമെന്ന പൊതുസംജ്ഞക്കുകീഴില്‍ ക്രോഡീകരിക്കപ്പെടുന്നുണ്ട്‌. ആ നിലയ്ക്ക്‌ ജീവിച്ചിരിക്കുന്നവയ്ക്കെല്ലാം ഒരു രാഷ്ട്രീയമുണ്ട്‌. എന്നാല്‍ അതിനെ ജൈവവും സുതാര്യവുമായ നിലപാടുകളിലേക്ക്‌ വളര്‍ത്തിയെടുക്കേണ്ടതാവട്ടെ ഓരോ ജീവിതത്തിന്റെയും ബാധ്യതയും. അത്തരമൊരു കര്‍മ്മപഥത്തില്‍ ഒരു ജീവന്‌ വന്നു പെടാവുന്ന ഏറ്റവും വലിയ അപചയത്തെ അതിന്റെ രാഷ്ട്രീയജഡത്വം എന്നു വിളിക്കാം. അതുകൊണ്ടുതന്നെയാണ്‌ വിവേചനബുദ്ധിയാല്‍ അനുഗ്രഹീതമെന്ന് പറയപ്പെടുന്ന മനുഷ്യവംശത്തില്‍ അത്‌ അക്ഷന്തവ്യമായ ഒരു സാമൂഹ്യാപരാധമാവുന്നത്‌. അരാഷ്ട്രീയവാദികളായ മനുഷ്യരാവട്ടെ അതിനെ പലപ്പോഴും ഇത്തരത്തില്‍ തിരിച്ചറിയുന്നില്ല. കക്ഷിരാഷ്ട്രീയത്തിന്റെ മലക്കം മറിച്ചിലുകള്‍ക്കെതിരെയുള്ള സ്വാഭാവികമായ പ്രതികരണങ്ങള്‍ പലപ്പോഴും ചെന്നുപെടുന്നത്‌ അരാഷ്ട്രീയമായ ചില ചതുപ്പുകളിലേക്കാണ്‌. വ്യക്തിപരമായ അവന്റെ ചെറുത്തുനില്‍പ്പുകള്‍ക്ക്‌ ചവിട്ടിനില്‍ക്കാന്‍ ഉറപ്പുള്ളൊരു സാമൂഹ്യനിലപാടിന്റെ തറ ഇല്ലാതെപോകയാല്‍ ഓരോകുതറലും അവനെ ആ ചതുപ്പിലേക്ക്‌ തന്നെ വീണ്ടും വീണ്ടും ആഴ്ത്തിക്കളയുന്നു. കുതറുംതോറും കുരുങ്ങുന്ന ഇരയുടേതായ ഈ വിധിയാണ്‌ സ്വതവേ സങ്കീര്‍ണമായ ഈ വിഷയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്‌. അധികാരകേന്ദ്രങ്ങള്‍ വ്യക്തിക്ക്‌ കല്‍പിച്ച്‌ കൊടുക്കുന്ന പൊളിറ്റിക്കലോ അപൊളിറ്റിക്കലോ ആയ ചാര്‍ത്തുകള്‍ക്കപ്പുറത്ത്‌ വ്യക്തമായ പൊതുരാഷ്ട്രീയനിലപാടുകള്‍ ഉരുത്തിഞ്ഞ്‌ വരേണ്ടതിന്റെ അനിവാര്യതയിലേക്കാണ്‌ ഇത്‌ വിരല്‍ ചൂണ്ടുന്നത്‌.

ഉത്തരാധുനികകാലത്തെ അധികാരത്തിന്റെ രാഷ്ട്രീയം പല ഭാഷ്യങ്ങളിലായി പ്രചരിപ്പിക്കുന്ന വലതുപക്ഷവ്യതിയാനങ്ങള്‍ അതിന്റെ ഊര്‍ജ്ജം കണ്ടെത്തുന്നത്‌ സമൂഹമനസ്സാക്ഷിയില്‍ അടിഞ്ഞ്‌കൂടിയ അരാഷ്ട്രീയവളക്കുഴികളില്‍നിന്നാണ്‌. നിഷ്പക്ഷമായ, രാഷ്ട്രീയമില്ലാത്ത വ്യക്തിത്വങ്ങളെ സ്വയംഭരണാവകാശമുള്ള ഒരു ഫാക്ടറിയില്‍നിന്നെന്നപോലെ നമ്മുടെ പൊതുസമൂഹത്തില്‍നിന്നും അധികാരസ്ഥാപനങ്ങള്‍ ഉല്‍പാദിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇതിന്റെ ഉല്‍പന്നങ്ങളാവട്ടെ തങ്ങളെ അണിയിച്ചുവിട്ട പൊള്ളവ്യക്തിത്വങ്ങളെ സ്വീകാര്യതയുടെയും സമ്മതിയുടെയും പ്രതീകങ്ങളായി അഭിമാനപൂര്‍വം അണിഞ്ഞുനടക്കുകയും ചെയ്യുന്നു. അതിനവര്‍ക്ക്‌ കാരണങ്ങളുണ്ട്‌; നിരത്താന്‍ സ്ഥിതിവിവര കണക്കുകളോടു കൂടിയ തെളിവുകളുണ്ട്‌. അവര്‍ എതിര്‍ക്കുന്നുവെന്ന് കരുതുന്ന രാഷ്ട്രീയജീര്‍ണ്ണതകള്‍ അവരില്‍നിന്ന് പ്രതീക്ഷിക്കുന്നതും അതുതന്നെ.

വ്യക്തികളുടെ അരാഷ്ട്രീയവല്‍കരണത്തിനായി അധികാരം ആസൂത്രണംചെയ്തു നടപ്പിലാക്കുന്ന പദ്ധതികള്‍ പലതാണ്‌. മനുഷ്യന്റെ വര്‍ഗബോധത്തെ ജാതി-മത-ലിംഗാടിസ്ഥാനത്തില്‍ വിഭജിക്കുന്ന അവര്‍ വീണ്ടുമതിനെ ഉപരി,മധ്യ,ദളിത്‌ ആദിയായ ധാരകളിലേക്ക്‌ ചുരുക്കിയെടുക്കുന്നു. അങ്ങനെ പരിസ്ഥിതി ആതിരപ്പള്ളിയിലേക്കും ഭൂപ്രശ്നം ചെങ്ങറയിലേക്കും ചുരുങ്ങുന്നു. ആനുപാതികമായ ജനസംഖ്യാവര്‍ധനവ്‌ ക്രിസ്തുമതവിശ്വാസികളുടെ അടിയന്തിരപ്രശ്നമാവുന്നു. മതപരിവര്‍ത്തനം മൂലം ചോര്‍ന്നുപോവുന്നുവെന്ന് പറയപ്പെടുന്ന അംഗബലം ഹിന്ദുക്കളുടെ നിലനില്‍പിനുതന്നെ ഭീഷണിയാവുന്നു! നാടിന്റെ മുഖ്യധാരയില്‍നിന്നും അന്യവല്‍ക്കരിക്കപ്പെടുന്നു എന്ന ബോധം ഉല്‍പാദിപ്പിച്ചുകൊണ്ട്‌ തീവ്രവാദവ്യവസായം തഴയ്ക്കുന്നു. ന്യൂനപക്ഷത്തില്‍പെട്ട ഓരോ മനുഷ്യനും ഭൂരിപക്ഷസമുദായത്തിന്‌ ഭീഷണിയായി ചിത്രീകരിക്കപ്പെടുന്നു. വിയര്‍പ്പുനാറുന്ന ദളിതന്‍ ഉപരി-മധ്യ വര്‍ഗങ്ങള്‍ക്ക്‌ ശുചിത്വപ്രശ്നങ്ങളുണ്ടാക്കുന്നു. നിലമുഴുന്നവനും തെങ്ങുകയറ്റത്തൊഴിലാളിയുമടക്കമുള്ള അടിസ്ഥാനവര്‍ഗ്ഗങ്ങള്‍ തങ്ങള്‍ക്കും മാന്യമായ ഒരു സാമൂഹ്യജീവിതത്തിനു അവകാശമുണ്ടെന്ന് തിരിച്ചറിഞ്ഞ് അര്‍ഹമായ‍ വേതനമാവശ്യപ്പെടുന്നത്പോലും ‍‌ അവരുടെ നെറ്റി ചുളിപ്പിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന സ്ത്രീപീഢനങ്ങള്‍ക്കെതിരെയുള്ള ചെറുത്ത് നില്പുകള്‍ വനിതാകമ്മീഷന്റെയും സ്ത്രീസംഘടനകളുടെയും മാത്രം ഉത്തരവാദിത്തമാവുന്നു. കേവലമായ മുദ്രാവാക്യങ്ങള്‍ക്കപ്പുറത്തേക്ക്‌ ഒരു സമരവും സമഗ്രമല്ലാതാവുന്നു. എല്ലാ ചെറുത്തുനില്‍പ്പുകള്‍ക്കുമേലും പരിഹാസ്യതയുടെ ഒരു പരിവേഷം വന്നുവീഴുന്നു. ജനം സമരങ്ങള്‍ക്ക്‌ എതിരാവുന്നു. സാമൂഹ്യമായ പക്ഷങ്ങളും പ്രതിബദ്ധതകളും ഇട്ടെറിഞ്ഞ്‌ വ്യക്തികള്‍ 'നിഷ്പക്ഷ'രാവുന്നു. ഭരിക്കുന്നവരൊരുക്കുന്ന കെണിയിലേക്ക്‌ ഭരിക്കപ്പെടുന്നവര്‍ അണിയണിയായി വന്നുകയറുന്നതോടെ നാടകത്തിന്റെ ക്ലൈമാക്സും ഗംഭീരം, ശുഭം!!

ഭരണകൂടഭീകരതയ്ക്ക്‌ നിലമൊരുക്കാന്‍ ആദ്യം വേണ്ടത്‌ പൗരബോധത്തെ വരിയുടച്ചെടുക്കുകയാണ്‌. സാമൂഹ്യമായ പ്രതികരണങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ട്‌ ഒറ്റപ്പെട്ട തുരുത്തുകളില്‍ ജീവിക്കുന്ന ഒരു ജനതയിലേ ഫാസിസത്തിന്റെ അനന്തസാധ്യതകള്‍ പരീക്ഷിക്കാനാവൂ എന്ന് അധികാരിവര്‍ഗത്തിനറിയാം. അതുകൊണ്ടുതന്നെ ബാലിശമായ സമരങ്ങളെ പര്‍വതീകരിക്കുന്ന ഭരണ-പ്രതിപക്ഷ കൂട്ടായ്മകള്‍ കാതലായ പ്രശ്നങ്ങളുയര്‍ത്തുന്ന സമരങ്ങളെ തന്ത്രപൂര്‍വം തമസ്കരിക്കുന്നു. മാധ്യമ ഓശാനട്രൂപ്പുകള്‍ അവര്‍ക്കൊത്ത്‌ പാടുന്നു. മതമില്ലാത്ത ജീവന്‍ തെരുവില്‍ കത്തിപ്പടര്‍ന്നപ്പോള്‍ ചോദ്യം ചെയ്യപ്പെടാതെ പോയത്‌ നമ്മുടെ പൊതുവിദ്യാഭ്യാസത്തെത്തന്നെ തകര്‍ക്കുന്ന പുത്തന്‍ വിദ്യാഭ്യാസപരിഷ്കാരങ്ങളാണ്‌. ചെങ്ങറ മാധ്യമങ്ങള്‍ ആഘോഷിക്കുമ്പോള്‍ മേപ്പാടി കേട്ടറിവുകളില്‍ ചുരുങ്ങുന്നു. നാട്ടുസ്വാമികളെ വേട്ടയാടി തിമിര്‍ത്തവര്‍ കോര്‍പ്പറേറ്റ്‌ സ്വാമി(നി) മാര്‍ക്കെതിരെ നാക്കുവളയ്ക്കുമ്പോഴെ പൊള്ളി പിന്മാറുന്നു. 'ചോരച്ചാലുകള്‍ നീന്തിക്കയറിയ'തെന്നു അവകാശപ്പെടുന്ന പ്രസ്ഥാനങ്ങള്‍ പോലും പ്രശ്നാധിഷ്ഠിതമെന്ന വ്യാജേനെ ഉയര്‍ത്തിക്കൊണ്ടുവന്ന സമരങ്ങള്‍ കേവലം പൊതുശ്രദ്ധ തിരിച്ചുവിടാനുള്ള ഉപായങ്ങള്‍ മാത്രമായിരുന്നുവെന്ന വിമര്‍ശനങ്ങളെ ശരിവെച്ചുകൊണ്ട്‌ വഴിയിലുപേക്ഷിച്ച്‌ പിന്മാറുന്നു. മുദ്രാവാക്യം വിളിക്കുന്ന നേരത്ത്‌ നാലു വാഴനട്ടാല്‍ അതാവും മെച്ചമെന്ന് വിപ്ലവാചാര്യര്‍ തന്നെ പ്രസംഗിക്കുന്നു. രാഷ്ട്രീയം കളിച്ച്‌ നേരംകളയാതെ തന്‍കാര്യം നോക്കി നടക്കുന്നവനാണ്‌ മിടുക്കന്‍ എന്ന തത്വം പരക്കെ അംഗീകരിക്കപ്പെടുന്നു. താന്‍ വിതച്ചത്‌ കുലച്ച്‌ മറിയുന്നത്‌ കണ്ട്‌ അധികാരം ഊറിച്ചിരിക്കുന്നത്‌ മാത്രം കാഴ്ചയില്‍ പെടുന്നില്ല. എത്ര വാഴ നട്ടാലും വെട്ടാന്‍ വേറെ ആളുവരുന്ന പഴയ കഥ മറന്നുപോവുന്നു. വിടുപണിയല്ലാത്ത ഒരു തന്‍ കാര്യവും അനുവദിച്ചുതരാതിരുന്ന അധിനിവേശത്തിന്റെ ചരിത്രവും വിസ്മരിക്കപ്പെടുന്നു. അങ്ങനെ നമ്മുടെ രാഷ്ട്രീയമായ ഷണ്ഡീകരണത്തിന്റെ കാര്യകര്‍തൃത്വം നമ്മളെത്തന്നെ ഏല്‍പിച്ച ഭരണകൂടം അതിന്റെ രഹസ്യ അജണ്ടയുടെ പരസ്യവിജയവും നമ്മെക്കൊണ്ട്‌ തന്നെ ആഘോഷിപ്പിക്കുന്നു!

രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും എന്നമട്ടില്‍ നമ്മുടെ അരാഷ്ട്രീയവഴങ്ങിക്കൊടുക്കലുകളെ ഐഛികമാക്കി മാറ്റുകയാണ്‌ ഭരണകൂടം. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന 'പ്രായോഗിക'രാഷ്ട്രീയത്തോട്‌ ഒപ്പം നില്‍ക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നതിനപ്പുറം മറ്റൊരു രാഷ്ട്രീയബോധമില്ല എന്ന അവരുടെ പ്രചാരണങ്ങള്‍ക്ക്‌ ഇത്തരത്തില്‍ വശംവദരാവുന്നതിലൂടെ അറിഞ്ഞോ അറിയാതെയോ നാം ചെന്നു കയറുന്നത്‌ നിഷ്പക്ഷമായ ഒരു സമതുലിതാവസ്ഥയിലേക്കല്ല, മറിച്ച്‌ കനമേറുന്ന ഒരു വലതുതുലാസിലേക്കണ്‌. അതാവട്ടെ കമ്പോളമൂല്യങ്ങള്‍ക്കൊത്ത്‌ പൊങ്ങുകയും താഴുകയും ചെയ്യുന്ന ഒരു സ്റ്റോക്ക്‌ മാര്‍ക്കറ്റും. ക്രൂരമായ മത്സരങ്ങളില്‍ കേന്ദ്രീകൃതമാണ്‌ അതിന്റെ അതിജീവനസിദ്ധാന്തം. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളെക്കുറിച്ച്‌ ചിന്തിക്കാന്‍ പോലും ഊര്‍ജ്ജമോ സമയമോ ഇല്ലാത്തവണ്ണം തിരക്കേറിയതാണ്‌ അതിന്റെ ഷെഡ്യൂള്‍. സാങ്കേതികവും ബൌദ്ധികവുമായി ഏറെ വളര്‍ന്നുകഴിഞ്ഞ നമ്മുടെ യുവത്വം ഇത്തരം ചതിച്ചൊത്തകളെ തിരിച്ചറിഞ്ഞ് തങ്ങളില്‍ ചാര്‍ത്തപ്പെട്ടിരിക്കുന്ന അരാഷ്ട്രീയതയുടെ നിറമില്ലാത്ത കുപ്പായം ഊരിമാറ്റേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ ഓര്‍ക്കുക,

“ഒരു ദിവസം
എന്റെ രാജ്യത്തിലെ
ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍
അരാഷ്ട്രീയ ബുദ്ധിജീവികള്‍
ചോദ്യം ചെയ്യപ്പെടും

ചെറുതും
നേരിയതുമായ
ഒരു ജ്വാല പോലെ
രാജ്യം കത്തിയെരിയുകയായിരുന്നപ്പോള്‍
എന്തു ചെയ്യുകയായിരുന്നു നിങ്ങള്‍
എന്ന് അവര്‍ ചോദ്യം ചെയ്യപ്പെടും”

(ഓട്ടോ റെനെ കാസ്റ്റില്ലോയുടെ വരികള്‍, ഓര്‍മയില്‍നിന്ന്....)

13 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

:)

സലാഹുദ്ദീന്‍ said...

അരാഷ്ട്രീയവല്‍കരണമാണ് ഒരു പക്ഷേ ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ‘നിഷ്പക്ഷത‘ നിഷ്ക്രിയത്വത്തിലേക്കും ക്രമേണ പ്രതികരണ ശേഷിയില്ലാത്ത ഒരു ജനസമൂഹത്തെ വാര്‍ത്തെടുക്കുന്നതിനും ഇടയാക്കിയേക്കാം. കക്ഷിരാഷ്ട്രീയം എന്ന ചളിക്കുണ്ടിലെ ദുര്‍ഗന്ധം ജനങ്ങളെ അതില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ പ്രേരിപ്പിക്കുന്നു.

അരാഷ്ട്രീയവല്‍ക്കരണം ലക്ഷ്യം വെച്ച് ജനങ്ങളെ വെറും വോട്ട് ചെയ്യാന്‍ മാത്രമുള്ള കഴുതകളാക്കി മാറ്റിയാല്‍ ഇത്തരം കോര്‍പറേറ്റ് കക്ഷിരാഷ്ടീയക്കാരുടെ പണി വളരെയെളുപ്പം!

പ്രിയ വിശാഖ്
നല്ല ലേഖനം , നല്ല നിരീക്ഷണങ്ങള്‍. സ്നേഹ സമൃദ്ധിയുടെ ഓണാശംസകള്‍

വികടശിരോമണി said...

ഈ കാര്യം പറയാനായി ഇത്ര കടുത്ത ഭാഷ വേണോ? അരാഷ്ട്രീയതയെന്നതുതന്നെ ഒരു രാഷ്ട്രീയമാണല്ലോ.തീവ്രമായ വലതുപക്ഷരാഷ്ട്രീയത്തിലാണ് അരാഷ്ട്രീയതയുടെ മുളപൊട്ടുന്നതെന്ന് ഗ്രാംഷി.മണ്ണും മനസ്സും മുഖവും നഷ്ടപ്പെട്ട മനുഷ്യസമൂഹത്തെ കാണുന്ന നിങ്ങളുടെ കാഴ്ച്ചപ്പാടിന് അഭിവാദനം.പക്ഷെ,ഇത്തരമൊരു ഭാഷ ഭാരോദ്വഹനത്തെയാണോറ്മ്മിപ്പിക്കുന്നത്,നിങ്ങ‌ളൂടെ ആശയത്തെയല്ല.

വിശാഖ് ശങ്കര്‍ said...

അനൂപേ.., :)
സലാഹുദ്ദീന്‍,
അതെ. അരാഷ്ട്രീയവല്‍ക്കരണം തന്നെയാണ് നാമിന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. പക്ഷേ അത് കക്ഷി രാഷ്ടീയത്തിന്റെ ചെളിക്കുണ്ട്കളില്‍ നിന്നുമുള്ള സോകോള്‍ഡ് അകന്നു നില്‍ക്കലുകള്‍ പോലെ ഏകമാനമായ ഒന്നല്ലെന്ന് മാത്രം.അതാണ് പ്രശ്നവും.

വികടശിരോമണീ,

ഓരോ വിഷയവും അതിന്റെ വിനിമയത്തിനായി സവിശേഷമായ ഒരു ഭാഷ ആവശ്യപ്പെടുന്നുണ്ട് .അത് വായനക്കാരന് ഭാരോദ്വഹനമായി അനുഭവപ്പെടണമെന്ന് എന്തായാലും ഞങ്ങള്‍ മനപ്പൂര്‍വ്വം ആഗ്രഹിച്ചിട്ടില്ല.

നിഷ്പക്ഷതയായി തെറ്റിദ്ധരിക്കപ്പെടുന്ന അരാഷ്ട്രീയതയ്ക്ക് വലതുപക്ഷവുമായി വന്നുഭവിക്കുന്ന അറിഞ്ഞോ അറിയാതെയോ ഉള്ള (പലപ്പൊഴും പരോക്ഷമായുള്ള) ബാന്ധവത്തെയും, അത് ഒരു സമൂഹ മനസാക്ഷിയ്ക്കുമേല്‍ നടത്തുന്ന പ്രതിപ്രവര്‍ത്തനങ്ങളേയും വിശദീകരിക്കുവാനായിരുന്നു ശ്രമം.ഞങ്ങള്‍ മനസിലാക്കിയടത്തോളം അത് സങ്കീര്‍ണ്ണമായ ഒരു വിഷയമാണ്.ഒരു പക്ഷേ ഭാഷയിലും അത് പ്രതിഫലിച്ചിരിക്കാം എന്ന് മാത്രം.

ഭാഷയെക്കുറിച്ചുള്ള വിയോജിപ്പുകള്‍ എന്തായാലും ആശയത്തോടുള്ള നിങ്ങളുടെ ഐക്യദാര്‍ഢ്യത്തിന് നന്ദി.

Rajeeve Chelanat said...

ഗ്രാംഷിയുടെ പൌര-രാഷ്ട്രീയ സമൂഹ സങ്കല്‍പ്പത്തെയും ഇതിന്റെ കൂടെ ചേര്‍ത്തുവായിക്കേണ്ടതുണ്ട്. പരസ്പരപൂരകമായിരിക്കുകയും എന്നാല്‍, രാഷ്ട്രീയസമൂഹത്തിന്റെ നേതൃത്വത്തില്‍ നിലനില്‍ക്കേണ്ടതുമായ ഒരു സമൂഹഘടനയെ അട്ടിമറിക്കുകയാണ് ഈ (അ)രാഷ്ട്രീയവാദികള്‍ ചെയ്യുന്നത്. ഇന്ത്യയിലെ സാമ്പ്രദായിക ഇടതുപക്ഷ കക്ഷികളിലെ നല്ലൊരു വിഭാഗം ഇതിനു കൂട്ടുനില്‍ക്കുകയും ചെയ്യുന്നുണ്ട്.

സമൂഹത്തിന്റെ ഒരു ചെറിയ പരിച്ഛേദമായ ബ്ലോഗ്ഗിലും ഇത് പ്രതിഫലിക്കുന്നുണ്ട് എന്നത് പറയാതെ വയ്യ. അതുകൊണ്ടുതന്നെ, ബ്ലോഗ്ഗിലും ഇതിനെതിരായ ആശയപ്രചരണം അത്യന്താപേക്ഷിതമായിത്തീര്‍ന്നിരിക്കുന്നു.

അരാഷ്ട്രീയതയുടെ ഉത്തരാധുനിക ഭാഷാ കസര്‍ത്തുകള്‍ പരക്കെ നടക്കുമ്പോള്‍, ചില്ലറ ഭാരോദ്വഹനങ്ങളൊക്കെ മറുപക്ഷത്തിനും അനുവദിക്കാവുന്നതാണെന്നും അഭിപ്രായമുണ്ട്. ചില ആശയങ്ങള്‍ അവതരിപ്പിക്കേണ്ടിവരുമ്പോള്‍ (വിശാഖ് സൂചിപ്പിച്ചപോലെ) അത് ആവശ്യവുമാവുകയും ചെയ്യും.

അഭിവാദ്യങ്ങളോടെ

വികടശിരോമണി said...

വിശാഖേ, വിഷയസങ്കീര്‍ണ്ണത മനസ്സിലായ്കയല്ല.ഇത്രമേല്‍ കാലികപ്രസക്തമായ വിഷയം കൈകാര്യം ചെയ്യുമ്പോള്‍ ഭാഷാശൈലി കുറേക്കൂടി ലളിതമാക്കിക്കൂടേ എന്നു തോന്നി.അത്രമാത്രം.ഭാഷയെക്കുറിച്ചു തര്‍ക്കിക്കാന്‍ ഇതു പത്തൊമ്പതാം നൂറ്റാണ്ടല്ലാത്തതുകൊണ്ട് ഞാനതിവിടെ നിര്‍ത്തുന്നു.രാജീവിന്റെ അഭിപ്രായത്തോടെ കാര്യം കൂടുതല്‍ സംവാദാത്മകമാവുന്നുണ്ട്.ഇന്ത്യന്‍ പശ്ചാത്തലത്തില്‍, സാമൂഹികബന്ധ-വിബന്ധങ്ങളെയും വ്യത്യസ്തതകളെയും തിരിച്ചറിയാനും നിര്‍വ്വചിക്കാനും ധീരതയോടെ അഭിസംബോധനചെയ്യാനും ഇടതുപക്ഷത്തിനാകാതെ പോയതുകൂടി അരാഷ്ട്രീയ-വലതുപക്ഷധാരകളുടെ ശാക്തീകരണത്തിനു കാരണമായിട്ടുണ്ട് എന്നു തോന്നുന്നു.

വിശാഖ് ശങ്കര്‍ said...

വികടശിരോമണി..,
തീര്‍ച്ചയായും.പ്രഖ്യാപിത ഇടതു പ്രസ്ഥാനങ്ങളുടെ വീഴ്ചകളും വലതു വ്യതിയാനങ്ങളും നമ്മുടെ ജനതയുടെ അരാഷ്ട്രീയ വലതുവല്‍ക്കരണത്തിനു സഹായിച്ചിട്ടുണ്ട്.അതേ സമയം ആഗോള വിപണിവല്‍ക്കരണം ഉല്പാദിപ്പിച്ച പുത്തന്‍ മൂല്യബോധം ഇടതുപക്ഷത്തിന്റെ വീഴ്ച്ചകള്‍ക്കും,വലതുവല്‍ക്കരണത്തിനും എതിരേ അതിനുള്ളില്‍നിന്ന് ഉയര്‍ന്നുവരേണ്ട ചെറുത്തുനില്‍പ്പുകളെ അവിടെവച്ചു തന്നെ തളര്‍ത്തിക്കളയുന്നുമുണ്ട്.അതുകൊണ്ട് തന്നെയാണ് ഈ പ്രശ്നം ഇത്രയ്ക്ക് സങ്കീര്‍ണ്ണമാവുന്നതും.

വികടശിരോമണി said...

നേർക്കുനേരേ ചില ചോദ്യങ്ങൾ ഉയർത്തട്ടെ,
1)അരാഷ്ട്രീയത നാം അടിയന്തിരമായി നേരിടേണ്ട വിപത്താണ് എന്ന അഭിപ്രായൈക്യത്തിൽ നിന്നു ചോദിച്ചാൽ, ഈ വിപത്തിനെതിരെ എന്തു പ്രായോഗികപ്രതിരോധത്തിനാണു സാധ്യതയുള്ളത്?
2)പ്രഖ്യാപിത ഇടതുപക്ഷം എന്നുപറഞ്ഞുവല്ലൊ.അപ്പോൾ ഒരു അപ്രഖ്യാപിത ഇടതുപക്ഷം ഉണ്ട്.അതേതാണ്?

വിശാഖ് ശങ്കര്‍ said...

വികട ശിരോമണി,

1)വിശാലമായ ഒരു രാഷ്ട്രീയ അവബോധം പൊതുസമൂഹത്തില്‍ വളര്‍ത്തിയെടുക്കുകയല്ലാതെ ഇതിനു മുങ്കൂര്‍ തയ്യാറാക്കിയ പ്രതിവിധികള്‍ ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല.വ്യക്തി, കുടുംബം, ജാതി, മതം, ലിംഗം, വര്‍ഗ്ഗം (ഉപരി, മധ്യ, അടിസ്ഥാന വര്‍ഗ്ഗങ്ങള്‍)എന്നിങ്ങനെയുള്ള സ്ഥാപനങ്ങളുടെ ഇടുങ്ങിയ താല്‍പ്പര്യങ്ങള്‍ക്ക് പുറത്ത് ശാസ്ത്രത്തിന്റെയും, യുക്തിചിന്തയുടേയും,പരിസ്ഥിതിവാദത്തിന്റെയും,സ്ത്രീപക്ഷ, ദളിത ചിന്തകളുടേയും ഉള്‍പ്പെടെ പുരോഗമന പ്രസ്ഥാനങ്ങളുടെ സമൂലമായ ഒരു കൂട്ടായ്മ ഉയര്‍ന്ന് വരണം.അതിന്റെ രാഷ്ട്രീയത്തിന് നിലവിലുള്ള ഇടതുചിന്തയെ അതിന്റെ പ്രത്യയശാസ്ത്രപരമായ നിശ്ചലതയെ അതിജീവിക്കാനും വലതു കമ്പോള ശക്തികളുടെ സാമൂഹ്യാധിനിവേശങ്ങളെ ചെറുക്കുവാനും കഴിയണം.പ്രശ്നങ്ങളെ അവയുടെ മൂല കാരണങ്ങളിലേയ്ക്ക് അഴിച്ചെടുത്ത് പഠിക്കുവാനും അവയ്ക്ക് സ്ഥായിയായ പരിഹാരം കാണുവാനും ആവും വിധം സമരം ഉള്‍പ്പെടെയുള്ള ചെറുത്തുനില്‍പ്പുകള്‍ക്ക് ദിശാബോധം നല്‍കാന്‍ ആ രാഷ്ട്രീയത്തിനു കഴിയണം.പ്രായോഗിക രാഷ്ട്രീയത്തെയും അതിന്റെ കക്ഷി, മുന്നണി സംവിധാനങ്ങളേയും പുറത്തുനിന്ന് നിയന്ത്രിക്കുവാനും, അവയ്ക്ക് ദിശാബോധം നല്‍കുവാനും കഴിയുന്ന ഒന്നായി സമൂഹത്തിന്റെ രാഷ്ട്രീയ ബോധം വളരണം.ആഗോള രാഷ്ട്രീയത്തില്‍ കണ്ടുതുടങ്ങിയ മാറ്റങ്ങള്‍ പ്രതീക്ഷയ്ക്ക് വകയുണ്ട് എന്ന സൂചന തന്നെയാണ് തരുന്നത്.

2)പ്രഖ്യാപിത ഇടതുപക്ഷത്തിനു പുറത്ത് ഒരു അപ്രഖ്യാപിത ഇടതുപക്ഷം ഉണ്ടെന്ന് പറഞ്ഞത് ഇടതു മനസ്സുകളുടേതായ സ്ഥാപനവല്‍ക്കരിക്കപ്പെടാത്ത പക്ഷത്തെക്കുറിച്ചാണ്.അത് എന്താണെന്നും അതിന് എന്തൊക്കെ ചെയ്യാനാവും എന്നും ഒന്നാം ഭാഗത്ത് വ്യക്തമാക്കിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു.

വികടശിരോമണി said...

വിശാഖിന്റെ നിലപാടുകൾക്ക് അഭിവാദനം.ഇടതുമനസ്സുകളുടെ സക്രിയമായ കൂട്ടായ്മ ബൂലോകവും ആവശ്യപ്പെടുന്നു.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

അരാഷ്ടീയതയിലേക്ക് ആരും മന:പൂര്‍വ്വം ചെന്നു ചാടുന്നില്ല. ഒരു പക്ഷെ നമ്മളറിയാതെ നമ്മളെ മൂടി നില്‍ക്കുന്ന ഒരു അവസ്ഥ മാത്രമാണത്. ഒരു ജനതയ്ക്കതില്‍ പ്രത്യക്ഷമായ യാതൊരു സംഭാവനയുമില്ല.
മനുഷ്യന്റെ ചിന്താധാരയിലേക്കിറങ്ങിച്ചെന്ന് ആധിപത്യം സ്ഥാപിക്കുവാന്‍ കെല്‍പ്പുള്ള ഒരു രാഷ്ട്രീയ സംഹിതയോ, പ്രസ്ഥാനങ്ങളോ ഇന്നില്ല. വിശ്വസിക്കാന്‍ കൊള്ളാവുന്ന, നേതാവ് എന്ന വിശേഷണത്തിന് കുറച്ചെങ്കിലും അര്‍ഹന്‍ എന്നു പറയാവുന്ന ഒരാള്‍ പോലും ഇല്ലെന്നുള്ളതല്ലെ സത്യം? ചിന്താതലത്തില്‍ ഭീതി ജനിപ്പിക്കുന്ന വിധം നിറഞ്ഞു നില്‍ക്കുന്ന ഒരു ശൂന്യത ഇന്നുണ്ട്.
രാഷ്ടീയ പ്രസ്ഥാനങ്ങളെ വിട്ട് ജനങ്ങള്‍
ആള്‍ ദൈവങ്ങളിലേയ്കും, മത വിശ്വാസങ്ങളിലേക്കും, ധ്യാനകേന്ദ്രങ്ങളിലേക്കും ചേക്കേറുന്നതിനു പിറകില്‍ ഇത്തരം ശുന്യതയാണ് പ്രേരകമായി വര്‍ത്തിക്കുന്നത്. ഇതു തന്നെയാണ് രഹസ്യ അജണ്ടകള്‍ വിജയിക്കുന്നതിനു കാരണമാക്കുന്നത്. ഒരു യുദ്ധത്തില്‍ സംഭവിക്കുന്നതു പോലെയാണിത്. കക്ഷി ചേരാത്തവന്‍ ജയിക്കുന്നവന്റെ അടിമ. ആ അടിമത്തത്തിലേക്കുള്ള പ്രയാണത്തിലാണ് നാം. പിന്നെ ഒരു ദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍ അരാഷ്ടീയ ബുദ്ധിജീവികള്‍ ചോദ്യം ചെയ്യപ്പെടും എന്നത് ‘ നഷ്ടപ്പെടുവാന്‍ ചങ്ങലകള്‍ കിട്ടാനുള്ളത് പുതിയൊരു ലോകം’ എന്നു പറഞ്ഞതു പോലുള്ള ഒരു സങ്കല്‍പ്പം മാത്രമാണ്.

പരമു, വിശാഖ് said...

മോഹന്‍,
ഒരു മനുഷ്യന്‍ തന്റെ ജൈവപരിസരങ്ങളുമായി നടത്തുന്ന ഇടപേടലുകളിലൊക്കെ ഒരു രാഷ്ട്രീയമുണ്ട്.അതൊകൊണ്ടാണ് വറ്റുന്ന പുഴകളും,നിരത്തപ്പെടുന്ന കുന്നുകളും,ആനത്താരകളെ മുറിച്ചുകൊണ്ട് പോകുന്ന റെയില്‍ പാതകളും,ആവാസവ്യവസ്ഥ നഷ്ടപ്പെട്ട പക്ഷി, മൃഗാദികളും ,കുടിയിറക്കപ്പെടുന്ന മനുഷ്യരും,ഒക്കെ നമ്മുടെ സമൂഹ മനസിനെ ബാധിക്കുന്നത്.തന്നെ നേരിട്ട് ബാധിക്കാത്തതൊന്നും തന്റെ പ്രശ്നങ്ങളല്ലെന്ന ധാരണയാണ് അരാഷ്ട്രീയം.തന്റെ പരിധികള്‍ക്കുള്ളില്‍ താന്‍ എന്നും സുരക്ഷിതനായിരിക്കുമെന്ന തെറ്റിദ്ധാരണയാണ് അതിന്റെ ഉപോല്‍പ്പന്നം.ഒരു സമൂഹത്തില്‍ വിശ്വസിക്കാവുന്ന രാഷ്ട്രീയ സംഹിതകളോ, പ്രസ്ഥാനങ്ങളോ,നേതാക്കളോ ഇല്ലാതെവരുന്നത് തന്നെ ആ സമൂഹം അതിവേഗം അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനയാണ്. കാരണം ഒരു ജനതയുടെ രാഷ്ട്രീയ അവബോധത്തില്‍നിന്നുമാണ് അതിന്റെ രാഷ്ട്രീയ സംഹിതകളും, പ്രസ്ഥാനങ്ങളും, നേതാക്കളും ഒക്കെ ഉരുവം കൊള്ളുന്നത്.അത്തരം രൂപംകൊള്ളലുകളെ പ്രതിരോധിക്കുക എന്നതാവട്ടെ അധികാരസ്ഥാപനങ്ങളുടെ രഹസ്യ അജണ്ടയും.അതുകൊണ്ടാണ് ഭരണകൂടങ്ങള്‍ പരോക്ഷമായി അരാഷ്ട്രീയതയെ പ്രോത്സാഹിപ്പിക്കുന്നത്.

പിന്നെ,ഇന്നുവരെ സാക്ഷാത്കരിക്കപ്പെട്ടവയെല്ലാം മുന്‍പെന്നോ സങ്കല്‍പ്പങ്ങളായിരുന്നവ ആണല്ലോ...:)

nalan::നളന്‍ said...

അരാഷ്ട്രീയത ചോദ്യം ചെയ്യപ്പെടുന്നില്ല എന്നതാണു കാര്യം...
പാര്‍ശ്വവര്‍കൃത സമൂഹങ്ങളെ ഒരുമിപ്പിക്കാതെ മാറ്റം സാധ്യമല്ല. അതിനുള്ള കരുത്ത് ഭരണവര്‍ഗ്ഗങ്ങള്‍ നേടിക്കഴിഞ്ഞു.
ഭരണമെന്ന അധികാരം മാറ്റത്തിനെതിരേയുള്ള അപാര പ്രതിരോധമാണു.. അതിനെയാണു വെല്ലുവിളിക്കേണ്ടത്.